കുമളി: കോളജിലേക്ക് പോകാൻ കുടുംബസമേതം ബസ് കാത്തുനിൽക്കുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. മറ്റുള്ളവർക്ക് പരിക്കേറ്റു. മധുര നഴ്സിങ് കോളജിലെ അവസാന വർഷ വിദ്യാർഥിനി അജിതയാണ് (21) തൽക്ഷണം മരിച്ചത്.
തേനി ജില്ലയിലെ ഉത്തമപാളയത്തിന് സമീപം അനുമന്ധംപെട്ടിയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. അജിതയുടെ പിതാവ് ആണ്ടിസ്വാമി (63), മാതാവ് ഈശ്വരി (45), മാതൃസഹോദരി പുഷ്പം (40) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ പാതയിൽ നടന്ന അപകടത്തിൽ പൊലീസ് അനാസ്ഥക്കെതിരെ നാട്ടുകാർ ഏറെനേരം റോഡ് ഉപരോധിച്ചു.
തിങ്കളാഴ്ച രാവിലെ മകളെ കോളജിലേക്ക് അയക്കാൻ കുടുംബാംഗങ്ങൾ ഒരുമിച്ചാണ് ബസ്സ്റ്റാൻഡിനു മുന്നിലെത്തിയത്. ബസുകൾ സ്റ്റാൻഡിൽ കയറാതെ പോകുന്നതിനാൽ നാലുപേരും റോഡരികിൽ കാത്തുനിൽക്കുമ്പോഴായിരുന്നു അപകടം. കമ്പത്തുനിന്ന് ഉത്തമപാളയത്തിനുപോയ കാറാണ് ഇടിച്ചത്. കാർ ഡ്രൈവർ കീഴ്പുലാന്തപുരം ഭുവനേശ്വറിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു.