കോട്ടയം: സഹോദരനൊപ്പം സ്കൂളിലേക്ക് പോകുന്നതിനിടെ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ വിദ്യാർഥിനി മരിച്ചു. കൊല്ലാട് വടവറയിൽ ആലിച്ചന്റെയും സിസിലിയുടെയും മകൾ അന്നു സാറ ആലിയാണ് (17) മരിച്ചത്.
കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് സഹോദരൻ അഡ്വിനൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ കൊല്ലാട് കളത്തിക്കടവിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹെൽമറ്റ് തെറിച്ചു പോയതോടെ തലക്കേറ്റ പരിക്കാണ് മരണകാരണമായത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയവേ ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് മരിച്ചത്. കണ്ണിനും കഴുത്തിനും കാലുകൾക്കും പരിക്കേറ്റ അഡ്വിൻ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലാണ്.
മൃതദേഹം ചൊവ്വാഴ്ച 12 മുതൽ 12.30 വരെ ബേക്കർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനുവെക്കും. തുടർന്ന് കഞ്ഞിക്കുഴി പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ സംസ്കരിക്കും.