അപകടം ചൊവ്വാഴ്ച വൈകീട്ട് ഇടപ്പള്ളിക്കോട്ട പോരൂക്കര ജുമാ മസ്ജിദിന് സമീപം
ചവറ: ദേശീയപാതയിൽ ഇടപ്പള്ളിക്കോട്ട പോരൂക്കര ജുമാ മസ്ജിദിന് സമീപം മിനി ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. പോത്തൻകോട് നിസാമിയ സ്കൂൾ ചെയർമാൻ അണ്ടൂർക്കോണം ഹൈദർ ഹുസൈൻ വീട്ടിൽ സയ്യിദ് മഹമ്മൂദ് കോയ തങ്ങൾ ആണ് (67) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 3.50 ഓടെ ഇടപ്പള്ളിക്കോട്ട പോരൂക്കര ജങ്ഷനിലായിരുന്നു അപകടം. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മഹമ്മൂദ് കോയ തങ്ങൾ മരിച്ചു. കാറിലുണ്ടായിരുന്ന മകൻ ശുഹുബുദ്ദീൻ തങ്ങൾ, ബന്ധുക്കളായ തങ്ങൾ കുഞ്ഞ്, നെടുമങ്ങാട് പനയം സ്വദേശി അഷറഫ്, തിരുവനന്തപുരം ചിറ്റേഴ്ത്ത്മുക്ക് ഹലീം മൻസിൽ അബ്്ദുൾ ഹലീം എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മിനി ബസിലുണ്ടായിരുന്ന ചവറ തോട്ടിന് വടക്ക് ഒറ്റശ്ശേരിൽ വീട്ടിൽ അനുശ്രീ (33), മൺറോതുരുത്ത് അട്ടപ്പുറത്തിൽ തെക്കതിൽ ലത (47) ,പന്മന മാവേലി പുത്തൻപുരയിൽ ലളിത (46), ഡ്രൈവർ ചവറ മധുരം വീട്ടിൽ വിജയകുമാർ എന്നിവർക്കും പരിക്കേറ്റു. ഇവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അണ്ടൂർക്കോണം എൽ.പി.എസിൽനിന്ന് അറബിക് അധ്യാപകനായി വിരമിച്ച സയ്യിദ് മഹമ്മൂദ് കോയ തങ്ങൾ മതപണ്ഡിതനും അണ്ടൂർക്കോണം കുടമറ്റം മുസ്ലിം ജമാഅത്തിലെ പ്രസിഡൻറുമായിരുന്നു. ഖബറടക്കം അണ്ടൂർക്കോണം കുടമറ്റം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: റുമൈസാ ബീവി. മക്കൾ: ശുഹുബുദ്ദീൻ തങ്ങൾ, മിഥിലാജ് തങ്ങൾ.