ആലപ്പുഴ: വേമ്പനാട്ട് കായലിൽ നങ്കൂരമിട്ട ഹൗസ് ബോട്ടിൽനിന്ന് കാൽവഴുതി വീണ് കായലിൽ കാണാതായ പാചകത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 17ാം വാർഡിൽ പല്ലന കുമാരകോടി വാര്യത്ത് വീട്ടിൽ അയ്യപ്പന്റെ മകൻ അശോകനാണ് (57) മരിച്ചത്. പള്ളാത്തുരുത്തി കന്നിട്ട ജെട്ടിയിൽ ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.
കടക്കരപ്പള്ളി സ്വദേശി കബീറിന്റെ ഉടമസ്ഥതയിലുള്ള നേവർലൈൻ ഹൗസ്ബോട്ടിലെ പാചകത്തൊഴിലാളിയായിരുന്നു അശോകൻ.
യാത്ര കഴിഞ്ഞ് മടങ്ങിയശേഷം സഞ്ചാരികൾക്കും സഹപ്രവർത്തകർക്കും ഒപ്പം ഭക്ഷണം കഴിക്കുന്നതിനിടെ ഹൗസ് ബോട്ടിന് പിൻഭാഗത്തേക്ക് പോയ അശോകൻ കാൽവഴുതി കായലിൽ വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവര് ടൂറിസം പൊലീസിനെ വിവരം അടിയിച്ചു. ടൂറിസം പൊലീസും സൗത്ത് പൊലീസും സ്പീഡ് ബോട്ടിൽ രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. വീണ്ടും ബുധനാഴ്ച രാവിലെ അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. ശക്തമായ ഒഴുക്ക് തിരച്ചിലിന് തടസ്സമായി. പാതാളക്കരണ്ടി ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്ന പ്രദേശവാസിയുടെ സഹായവും പൊലീസ് തേടിയിരുന്നു. 11 മണിയോടെ അശോകൻ കായലിൽ വീണ ഭാഗത്തുനിന്ന് 20 മീറ്റർ വടക്ക് മാറി മൃതദേഹം കണ്ടെടുത്തു.
ടൂറിസം എസ്.ഐ പി. ജയറാം, സൗത്ത് എസ്.ഐ ജോൺ ബസ്റ്റിൻ, സ്കൂബാ ടീം എ.എസ്.ടി.ഒ ബൈജു പണിക്കരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽകുമാർ, എം. സരിക, ആർ. ജോഷിത്ത് എന്നിവരാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. സൗത്ത് പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: അമ്മിണി. ഭാര്യ: രോഹിണി. മക്കൾ: അഭിജിത്, അർജുൻ. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തുടർന്ന് വീട്ടുവളപ്പിൽ സംസ്കരിച്ചു.