വൈക്കം: കുടവെച്ചൂർ സെന്റ് മേരീസ് പള്ളി വികാരി ഫാ. ജോർജ് നേരേവീട്ടിൽ (59) നിര്യാതനായി. അങ്കമാലിയിൽ അസിസ്റ്റന്റ് വികാരിയായും പള്ളിമുകൾ, കരിമുകൾ, അമ്പലമുകൾ, അമ്പലമേട്, കാരുകുന്ന് പള്ളികളിൽ പ്രോ-വികാരിയായും കൊങ്ങോർപ്പിള്ളി, ഉദയനാപുരം, ഓർശ്ലം, മാമ്പ്ര, ആലങ്ങാട് ഇടവകകളിൽ വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള കാത്തലിക് സ്റ്റുഡന്റ്സ് ലീഗിന്റെയും ആന്റി-ആൾക്കഹോളിക് മൂവ്മെന്റിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1990 ഡിസംബർ 29ന് കർദിനാൾ മാർ ആന്റണി പടിയറയിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. നേരേവീട്ടിൽ തോമസ്-കത്രീന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോയ്, ജോണി, എൽസി, മേരി, റോസിലി, ലിസി, ബീന. ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെ കുടവെച്ചൂർ സെൻറ് മേരീസ് ദേവാലയത്തിലും വൈകീട്ട് ഏഴുമുതൽ സ്വവസതിയിലും തിങ്കളാഴ്ച ഉച്ചക്ക് ഒന്നുമുതൽ ഇടപ്പള്ളി സെൻറ് ജോർജ് ഫൊറോന പള്ളിയിലും പൊതുദർശനത്തിന് വെക്കും. വൈകീട്ട് മൂന്നിന് ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയോടുകൂടി തിരുക്കർമങ്ങൾ ആരംഭിക്കും. മാർ ആന്റണി കരിയിൽ മുഖ്യകാർമികത്വം വഹിക്കും. സമാപനശുശ്രൂഷക്ക് കർദിനാൾ ജോർജ് ആലഞ്ചേരി കാർമികത്വം വഹിക്കും.