കോട്ടയം: നിയന്ത്രണം വിട്ട പിക്അപ് വാൻ വൈദ്യുതി തൂണിലിടിച്ച് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം.
എറണാകുളം ചോറ്റാനിക്കര കണയന്നൂർ രമ്യനിവാസിൽ മണികണ്ഠനാണ് (36) മരിച്ചത്. ബുധനാഴ്ച പുലർച്ച 4.30ഓടെ കോട്ടയം നഗരമധ്യത്തിലെ ചന്തക്കവലയിലാണ് സംഭവം.
ഇടപ്പള്ളിയിൽനിന്ന് പച്ചക്കറിയുമായി പോകുകയായിരുന്ന പിക്അപ് വാനാണ് അപകടത്തിൽപെട്ടതെന്ന് പൊലീസ് പറഞ്ഞു. പുതുപ്പള്ളിയിലെ കടയിൽ ഇറക്കിയശേഷം തിരുവനന്തപുരത്തെ മാളിൽ പച്ചക്കറി നൽകാൻ പോകുന്നതിനിടെ കോട്ടയം ചന്തക്കവലയിൽ എത്തിയപ്പോൾ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്നു.
കൺട്രോൾ റൂം പൊലീസ് സംഘം വിവരമറിയിച്ചതനുസരിച്ച് എത്തിയ കോട്ടയം അഗ്നിരക്ഷാസേനാ സംഘം പിക്അപ് വാൻ ഉയർത്തിയശേഷം കാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.
തുടർന്ന് ആദ്യം കോട്ടയം ജില്ല ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ഭാര്യ: മഞ്ജുഷ. മക്കൾ: അമിത, അമൃത, അമിത്ത്. സംസ്കാരം നടത്തി.