ഷൊർണൂർ: കഴിഞ്ഞ ആറ് പതിറ്റാണ്ട് സംഗീതലോകത്ത് നിറഞ്ഞുനിന്ന ലെസ്ലി പീറ്ററുടെ (81) മൃതദേഹം ഷൊർണൂർ സി.എസ്.ഐ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ചൊവ്വാഴ്ച ഷൊർണൂരിലെ വസതിയിൽ നിര്യാതനായ പീറ്റർ മാഷെന്ന ഇദ്ദേഹം സ്റ്റീഫൻ ദേവസി, ഗ്രാമി അവാർഡ് ജേതാവും വയലിനിസ്റ്റുമായ മനോജ് ജോർജ് അടക്കം കലാലോകത്ത് നിറഞ്ഞുനിൽക്കുന്ന നിരവധി പേരുടെ ഗുരുനാഥനാണ്. തൃശൂർ വിമല കോളജ്, സെന്റ് മേരീസ് കോളജ്, സെന്റ് ജോസഫ് കോളജ്, പാലക്കാട് മേഴ്സി കോളജ്, കാണിക്കമാത കോൺവന്റ് സ്കൂൾ, കുന്നംകുളം എം.ജെ.ഡി.എച്ച്.എസ് വിദ്യാലയങ്ങളിലും ഗിറ്റാർ, വയലിൻ അധ്യാപകനായിരുന്നു. ആകാശവാണി ആർട്ടിസ്റ്റുകൂടിയായിരുന്ന ലെസ്ലി പീറ്റർ കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്കാരജേതാവുമാണ്. ബാലൻ കെ. നായർ, കെ.ടി. മുഹമ്മദ്, കെ.പി. ഉമ്മർ, കുതിരവട്ടം പപ്പു എന്നിവരുടെ സുഹൃത്തുകൂടിയായിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളുടെ പിന്നണിയിലും സജീവമായിരുന്നു. തൃശൂർ കലാസദൻ ട്രൂപ്പിന്റെ പ്രിൻസിപ്പലുമായിരുന്നു. യേശുദാസ്, ജി. ദേവരാജൻ, എം.കെ. അർജുനൻ, എസ്. ജാനകി, പി. സുശീല, കമുകറ പുരുഷോത്തമൻ, സി.ഒ. ആന്റോ അടക്കമുള്ള പഴയ തലമുറയിലെ പ്രഗല്ഭരുടെയും ഉണ്ണി മേനോൻ അടക്കമുള്ള രണ്ടാം തലമുറയിലെ പ്രശസ്തരുടെയും സഹപ്രവർത്തകനാണ്. സ്വദേശത്തും വിദേശങ്ങളിലുമായി പതിറ്റാണ്ടുകളോളം പ്രധാന സംഗീത പരിപാടികളിൽ സജീവസാന്നിധ്യമായിരുന്നു. പുതുതലമുറയിൽ തിളങ്ങിനിൽക്കുന്ന സംഗീതജ്ഞരെ വാർത്തെടുക്കുന്നതിൽ പ്രമുഖ സ്ഥാനവും വഹിച്ചു.ഭാര്യ: ആനി (ഡോളി). മക്കൾ: ലാനി, ലീന, ലിൻസി. മരുമക്കൾ: അനിൽ രാജ് (ദക്ഷിണ റെയിൽവേ), ഹാൻസ്, ജസ്റ്റിൻ.