ആലത്തൂർ: ആലത്തൂർ സ്വദേശികളായ ദമ്പതികളെ പഴനിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ ബാങ്ക് റോഡ് എടാംപറമ്പിൽ പലചരക്കുകട നടത്തുന്ന സുകുമാരൻ (68), ഭാര്യ സത്യഭാമ (61) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10ന് ഊട്ടി കൂനൂരിലെ സുകുമാരന്റെ സഹോദരി പരേതയായ ജാനുവിന്റെ മക്കളുടെ വീട്ടിലേക്ക് പോകുന്നതായി പറഞ്ഞാണ് ഇവർ പോയത്. എന്നാൽ, അവിടെ എത്തിയിരുന്നില്ല. ഇതിനിടെ, സുകുമാരൻ രാത്രി കൂനൂരിലെ ബന്ധുക്കളെ വിളിച്ച് തങ്ങൾ പഴനിയിലുണ്ടെന്നും ആത്മഹത്യ ചെയ്യുകയാണെന്നും പറയുകയായിരുന്നു. അവർ ഉടൻ വിവരം ആലത്തൂരിലെ ബന്ധുക്കളെ അറിയിച്ചു. ആലത്തൂരിൽനിന്ന് വെള്ളിയാഴ്ച രാത്രി 10 ഓടെ പഴനിയിലേക്ക് തിരിച്ച ബന്ധുക്കൾ അർധരാത്രി അവിടെയെത്തി ലോഡ്ജ് കണ്ടെത്തി ജീവനക്കാരോട് വിവരം പറഞ്ഞു. തുടർന്ന് വാതിൽ ബലം പ്രയോഗിച്ച് തുറന്നു നോക്കിയപ്പോൾ ഇരുവരും ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. സാമ്പത്തികബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പറയുന്നത്. പരേതരായ കുപ്പേലൻ-തങ്ക ദമ്പതികളുടെ മകനാണ് സുകുമാരൻ. എടാംപറമ്പിലെ പരേതനായ ഉണ്ണിയുടെ മകളാണ് സത്യഭാമ. മക്കൾ: സുനിൽകുമാർ, സുജിത്ത്, സുധീഷ്. മരുമക്കൾ: ജയശ്രീ, സുഹാസിനി, ശരണ്യ. സത്യഭാമയുടെ മാതാവ്: കൊച്ച. സഹോദരങ്ങൾ: മണികണ്ഠൻ, പ്രിയ, ഷൺമുഖൻ. പൊലീസ് നടപടിക്കുശേഷം ശനിയാഴ്ച പഴനിയിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ വൈകീട്ട് ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഞായറാഴ്ച ഉച്ചക്കുമുമ്പ്.