കുമ്പള: ഷിറിയയിൽ സ്കൂൾ വാനും ആംബുലൻസും കൂട്ടിയിടിച്ച് രോഗി മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരിക്ക്. കണ്ണൂർ കാടാച്ചിറ സ്വദേശി സുരേഷ് കുമാർ (48) ആണ് മരിച്ചത്. സുരേഷ് കുമാർ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെതുടർന്ന് തീവ്രപരിചരണ സംവിധാനമുള്ള ആംബുലൻസിൽ മംഗളൂരുവിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഷിറിയ പാലത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. ശേഷം മറ്റൊരു ആംബുലൻസ് വരുത്തി മംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ ഉപ്പളയിലെത്തിയപ്പോൾ രോഗി മരണപ്പെടുകയായിരുന്നു. പരിക്കേറ്റ ആറു വിദ്യാർഥികളെ കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിബില (12), നസ്രിയ (11), ബാസില (13), ബാസിത് (8), മുഹമ്മദ് ബാകിർ (15), മുഈനുദ്ധീൻ ബാരിഷ് (11) എന്നീ വിദ്യാർഥികളാണ് കുമ്പള ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സതേടിയത്. സുഫൈയർ (22), നെബീല (10), അജ്മൽ (7) , ബാകിർ (15), ബാസിത് (7), സന ഫാത്തിമ (9) ബാരിസ് (10) ഫൗസാന (9) ഫയാസ് (12) ബാസിൽ (8) എന്നിവരാണ് ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.