മൂവാറ്റുപുഴ: കോതമംഗലം രൂപത വൈദികനും പ്രശസ്ത ഗായകനും മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് സ്ഥാപകനുമായ ഫാ. കുര്യാക്കോസ് കച്ചിറമറ്റം (79) നിര്യാതനായി. കാരക്കുന്നം കച്ചിറമറ്റം കുര്യന്റെയും കുഞ്ഞമ്മയുടെയും മൂത്തമകനായ ഫാ. കുര്യാക്കോസ് മംഗലാപുരം സെമിനാരിയിൽ പഠനം പൂർത്തിയാക്കി 1967ൽ വൈദികനായി. കോതമംഗലം കത്തീഡ്രലിൽ അസേന്തിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് മച്ചിപ്ലാവ്-ഇരുമ്പുപാലം, കല്ലാർകുട്ടി-ആയിരമേക്കർ, നാടുകാണി, മൂവാറ്റുപുഴ, മുടവൂർ, ഊന്നുകൽ, മീങ്കുന്നം, നെടിയകാട്, മാറാടി, വെളിയേൽച്ചാൽ, കാവക്കാട്, കല്ലാനിക്കൽ, വാഴപ്പിള്ളി ഈസ്റ്റ്, ആനിക്കാട്, കടവൂർ, രണ്ടാർ തുടങ്ങിയ പള്ളികളിൽ വികാരിയായി. നിർമല കോളജ് ബർസാറായും കെ.എം. ജോർജ് മെമ്മോറിയൽ ഐ.ടി.സിയുടെ സ്ഥാപക ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ടാർ പള്ളി വികാരിയായി സേവനമനുഷ്ഠിച്ചശേഷമാണ് വാഴപ്പിള്ളി പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതത്തിലേക്ക് പ്രവേശിച്ചത്. രൂപതയുടെ അസി. ക്വയർ മാസ്റ്ററായും ക്വയർ മാസ്റ്ററായും ദീർഘകാലം സേവനം ചെയ്തു. നല്ലൊരു സംഗീതജ്ഞനും സംഘാടകനും കലാകാരനുമായ അച്ചന്റെ ദീർഘവീക്ഷണത്തിൽനിന്ന് രൂപപ്പെട്ടതാണ് മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സും മ്യൂസിക് സ്കൂളും. മീങ്കുന്നം പിയാത്തയും ആനിക്കാട് സ്റ്റാർ ഓഫ് ബത്ലഹേമും അച്ചന്റെ ഭാവനയുടെ പ്രകടമായ ആവിഷ്കാരങ്ങളാണ്. സഹോദരങ്ങൾ: ജോൺ കുര്യൻ മുംബൈ, സിസ്റ്റർ ജിയോ എം.എസ്.ജെ (പ്രൊവിൻഷ്യൽ ഹൗസ്, കോതമംഗലം), ഗ്രേസി ആന്റണി ചാത്തംകണ്ടം, ജോളി ലോനപ്പൻ പാലാരിവട്ടം, പ്രിൻസി സോജൻ പുളിക്കൽ (യു.എസ്), പരേതരായ ലീലാമ്മ ലാസറസ് കുളങ്ങര, സണ്ണി കുര്യാക്കോസ് ഇടപ്പള്ളി, ജോയി കുര്യൻ മുംബൈ, ജോർജ് കുര്യൻ പെരിന്തൽമണ്ണ. സംസ്കാരം 25ന് ഉച്ചക്ക് രണ്ടിന് മൂവാറ്റുപുഴ ഹോളി മാഗി പള്ളി സെമിത്തേരിയിൽ.