വെട്ടത്തൂർ: പ്രമുഖ ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ ട്രഷററും കേരള സുന്നി ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ മണ്ണാർമല കെ.എ. സമദ് മൗലവി (74) നിര്യാതനായി. പെരിന്തൽമണ്ണ മണ്ണാർമല പള്ളിപ്പടി സ്വദേശിയാണ്. വണ്ടൂർ ജാമിഅ വഹബിയ്യ, പാണ്ടിക്കാട് നൂറുൽ ബയാൻ ഇസ്ലാമിക് സെന്റർ എന്നിവയുടെ പ്രസിഡന്റ്, നുസ്റത്തുൽ അനാം മാസിക പത്രാധിപ സമിതി അംഗം, ഇസ്ലാമിക കലാ സാഹിത്യ സമിതി രക്ഷാധികാരി, കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോർഡ് നിർവാഹക സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി പ്രവാസി പുരസ്കാരം, ഇസ്ലാമിക കലാ സാഹിത്യ സമിതി മാപ്പിളകവി ശ്രേഷ്ട പുരസ്കാരം, മുർശിദീ ഇശൽ ബിശാറ കലാസാഹിത്യ സംഘം-കേരളയുടെ മാപ്പിളകവി പുംഗവൻ പട്ടം, ശറഫിയ്യ കെ.എം.സി.സി സ്നേഹസ്പർശം പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. പരേതനായ കോഴിശ്ശേരി അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.
ഭാര്യ: സുബൈദ (കാര്യവട്ടം). മക്കൾ: ഷാജഹാൻ, ലൈല, സ്വാലിഹ് മൻസൂർ, സിബ്ഹത്തുല്ല. മരുമക്കൾ: ഫെബിന (മമ്പാട്), ഫാറൂഖ് (താഴെക്കോട്), ഇർഫാന (കരുവാരകുണ്ട്), ആത്തിക്ക (വെട്ടത്തൂർ).