തിരുവനന്തപുരം: ജനയുഗം സീനിയർ സബ് എഡിറ്റര്‍ കെ.ആർ. ഹരി (48) നിര്യാതനായി. ഹൃദയ^ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 11.48 നായിരുന്നു അന്ത്യം. 2009ൽ റിപ്പോർട്ടറായി ജനയുഗത്തിൽ ചേർന്ന ഹരി തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവർത്തിച്ചിട്ടുണ്ട്.
കേരളകൗമുദി, മെട്രോ വാര്‍ത്ത, തേജസ്സ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചു. നെയ്യാറ്റിൻകര വിശ്വഭാരതി കോളജില്‍ അധ്യാപകനായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. മൃതദേഹം ജനയുഗം ആസ്ഥാനത്ത് പൊതുദര്‍ശനത്തിനുശേഷം മാരായമുട്ടത്തെ കുടുംബ വീട്ടിൽ സംസ്കരിച്ചു. മാരായമുട്ടം മോഹനവിലാസത്തിൽ പരേതരായ എൻ. കുട്ടപ്പെൻറയും രാധയുടെയും മകനാണ്. ഭാര്യ: അഞ്ജന (എസ്.സി.ഇ.ആര്.ടി റിസര്‍ച് ഓഫിസർ). മകള്‍: നിരഞ്ജന (എട്ടാം ക്ലാസ് വിദ്യാർഥിനി).
സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ. കെ. പ്രകാശ് ബാബു, മണ്ഡലം സെക്രട്ടറി മുരളീ പ്രതാപ്, ജനയുഗം മുൻ ജനറൽ മാനേജർ വി.പി. രാധാകൃഷ്ണൻ നായർ, പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ല പ്രസിഡൻറ് സുരേഷ് വെള്ളിമംഗലം, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുൺബാബു, ജനയുഗം സഹപ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ അേന്ത്യാപചാരമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ജനയുഗം ചീഫ് എഡിറ്റർ കാനം രാജേന്ദ്രൻ, മുൻ ചീഫ് എഡിറ്റർ പന്ന്യൻ രവീന്ദ്രൻ, മുൻ എഡിറ്റർമാരായ ബിനോയ് വിശ്വം, എം.പി. അച്യുതൻ എന്നിവർ അനുശോചനമറിയിച്ചു.