ഫാ. സെബാസ്റ്റ്യന്‍ പാറയില്‍
എടക്കര: മാനന്തവാടി രൂപത വൈദികനായ ഫാ. സെബാസ്റ്റ്യന്‍ പാറയില്‍ (50) നിര്യാതനായി. നരിവാലമുണ്ട സെൻറ് ജോസഫ്സ് പള്ളിയിലെ വികാരിയായിരിക്കെ ഞായറാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാനന്തവാടി രൂപതയിലെ കോട്ടത്തറ ഇടവകയില്‍ പരേതരായ പാറയില്‍ ജോസഫ്-ത്രേസ്യ ദമ്പതികളുടെ മകനാണ്. ആലുവ കാര്‍മല്‍ ഗിരി പൊന്തിഫിക്കല്‍ സെമിനാരിയില്‍ ഫിലോസഫി പഠനവും റോമില്‍ ഹോളിക്രോസ് യൂനിവേഴ്സിറ്റിയില്‍ തിയോളജി പഠനവും സഭാനിയമത്തില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കി. 1996ല്‍ വൈദിക പട്ടം സ്വീകരിച്ചു. സിറോ മലബാര്‍ കത്തോലിക് മിഷന് ചിക്കാഗോ, ഇറ്റലിയിലെ സ്റ്റാഫോളി, പഡോറ തുടങ്ങിയ ഇടവകകളിലും മാനന്തവാടി കത്തീഡ്രല്‍ ദേവാലയത്തിലും ശുശ്രൂഷ ചെയ്തു. രൂപത മൈനര്‍ സെമിനാരിയില്‍ അധ്യാപകന്, ന്യൂമാന്‍സ് കോളജ് പ്രിന്‍സിപ്പല്‍, ദ്വാരക സീയോന് ധ്യാനകേന്ദ്രം ഡയറക്ടര്‍, ദിവ്യകാരുണ്യ വര്‍ഷം, കുടുംബ വര്‍ഷം എന്നിവയുടെ കോഒാഡിനേറ്റര്‍, രൂപത കോടതിയില്‍ ഡിഫന്‍ഡര്‍ ഓഫ് ബോണ്ട്, പ്രമോട്ടര്‍ ഓഫ് ജസ്റ്റിസ്, ഇടിവണ്ണ ഇടവകയുടെ വികാരി എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചു.
മൃതദേഹം മാനന്തവാടി സെൻറ് ജോസഫ് കത്തീഡ്രലില്‍ (കണിയാരം) തിങ്കളാഴ്ച മൂന്ന് മണിയോടെ എത്തിച്ച് മാനന്തവാടി രൂപത വികാരി ജനറാള്‍ പോള്‍ മുണ്ടോളിക്കല്‍ സംസ്കാര ശുശ്രൂഷയുടെ ആദ്യഭാഗത്തിന് നേതൃത്വം നല്കി. തലശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബത്തേരി രൂപത വികാരി ജനറാള്‍ മാത്യു അറമ്പന്‍കുടി, രൂപതയിലെ മറ്റു വൈദികര്‍, സന്യസ്തര്‍, അത്മായ സഹോദരങ്ങള്‍ എന്നിവര്‍ ആദരാജ്ഞലികളര്‍പ്പിച്ചു. സംസ്കാര ചടങ്ങുകളുടെ രണ്ടാം ഭാഗം ചൊവ്വാഴ്ച രാവിലെ പത്തിന് മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിെൻറ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കും. താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് റെമിജിയൂസ് ഇഞ്ചനാനിയില്‍ സംസ്കാര ശുശ്രൂഷയില്‍ സംബന്ധിക്കും. കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്കുശേഷം മൃതദേഹം ദ്വാരകയിലെ വൈദിക സെമിത്തേരിയില്‍ സംസ്കരിക്കും. ഉജ്ജ്വല വാഗമിയും വചന പ്രഘോഷകനുമായിരുന്നു ഫാ. സെബാസ്റ്റ്യന്‍ പാറയില്‍.
സഹോദരങ്ങള്‍: ഫാ. ഡോ. തോമസ് പാറയില്‍ (സി.എം.ഐ), ജെയിംസ് (കോട്ടത്തറ), ആൻറണി (കോട്ടത്തറ), ജോസഫ് (പെരിന്തല്‍മണ്ണ), വിന്‍സെൻറ് (കോട്ടത്തറ), മായ.