ചാവക്കാട്: ജമാഅത്തെ ഇസ്ലാമി നേതാവ് ബി.കെ.എസ്. കോയക്കുട്ടി തങ്ങൾ (മുൻഷിക്ക-88) നിര്യാതനായി. കടപ്പുറം, പുതിയങ്ങാടി ബുഖാറ പള്ളിക്ക് പടിഞ്ഞാറ് പരേതനായ ബുഖാറയിൽ കീപ്പാട്ട് ചെറുകോയ തങ്ങളുടെ മകനാണ്.മുസ്ലിം ലീഗിലൂടെ ജമാഅത്തെ ഇസ്ലാമിയിലെത്തിയ തങ്ങൾ പ്രസ്ഥാനത്തിെൻറ ചാവക്കാട് ഏരിയയിലെയും കടപ്പുറത്തെയും ആദ്യകാല നേതാക്കളിലൊരാളാണ്. പ്രദേശത്തെ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിൽ മുന്നിൽ നിന്നു പ്രവർത്തിച്ച കോയക്കുട്ടി തങ്ങൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായിരുന്ന പുതിയങ്ങാടി ഗവ. ഫിഷറീസ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റാൻ വളരെയധികം പ്രതിബന്ധങ്ങളെ തരണം ചെയ്തു. പ്രസ്തുത സ്കൂളിലെ അധ്യാപകനായിരിക്കെയാണ് വിരമിച്ചത്. തൊട്ടാപ്പ് അൻസാർ പള്ളിയുടെയും സ്കൂളിെൻറയും കമ്മിറ്റി ചെയർമാൻ, ബുഖാറ പള്ളി മദ്റസ കമ്മിറ്റിയുടെ ദീർഘകാല പ്രിസിഡൻറ്, ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയയിലെ പ്രഥമ വനിത കോഓഡിനേറ്റർ, ചാവക്കാട് ഇസ്ലാമിക് ട്രസ്റ്റ് മാനേജിങ് കമ്മിറ്റി അംഗം, ചാവക്കാട് വിമൻസ് കോളജ് ആദ്യകാല പി.ടി.എ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കടപ്പുറം പഞ്ചായത്ത് വെൽഫെയർ പാർട്ടി സ്ഥാപകരിലൊരാളാണ്.
ഭാര്യ: കുഞ്ഞുമായി ബീവി. മക്കൾ: റഫീഖ് തങ്ങൾ, ശിബ്ലി നുഅ്മാൻ തങ്ങൾ (ഇരുവരും ഖത്തർ), ബാഖിർ തങ്ങൾ (കടപ്പുറം പഞ്ചായത്ത് വെൽഫെയർ പാർട്ടി സെക്രട്ടറി), സുഹ്റാബീവി, സ്വാബിറ ബീവി, ഹസീന ബീവി, റസിയാബീവി, സൗദാ ബീവി, സാജിദ ബീവി (ജമാഅത്തെ ഇസ്ലാമി ചാവക്കാട് ഏരിയ വനിത സെക്രട്ടറി). മരുമക്കൾ: സാലിഹ് തങ്ങൾ, സൈനുൽ ആബിദീൻ തങ്ങൾ, ജാബിർ തങ്ങൾ, മുഈനുദ്ദീൻ തങ്ങൾ (ഖത്തർ), ജിഫ്രി തങ്ങൾ, മുഹമ്മദ് കോയ തങ്ങൾ, സുമയ്യ ബീവി (ഖത്തർ), സക്കീന ബീവി, നുസൈബ ബീവി.