റോഡരികിൽ നിന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറി ഇടിച്ചാണ് മരിച്ചത്
വാടാനപ്പള്ളി: ദേശീയപാത ചേറ്റുവയിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ റോഡരികിൽ നിന്ന ബൈക്ക് യാത്രികൻ ടാങ്കർ ലോറിയിടിച്ച് മരിച്ചു. രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. പാവറട്ടി വെന്മേനാട് മമ്മസ്രായില്ലത്ത് സെയ്തുവിന്റെ മകൻ അബൂബക്കർ (52) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്ക് 12.30ഓടെ ചേറ്റുവ എം.ഇ.എസ് സെന്ററിന് വടക്ക് ഗവ. മാപ്പിള യു.പി സ്കൂളിന് സമീപമായിരുന്നു അപകടം. ചാവക്കാട് ഭാഗത്തുനിന്ന് വന്ന കാർ എറണാകുളം ഭാഗത്തുനിന്ന് വരുന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.
അപകടം ഒഴിവാക്കാനായി ടാങ്കർ ലോറി ഇടതു വശത്തേക്ക് വെട്ടിച്ചതോടെ നിയന്ത്രണംവിട്ട് റോഡരികിൽ ബൈക്ക് നിർത്തി നിന്നിരുന്ന അബൂബക്കറിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അബൂബക്കറിന്റെ ശരീരത്തിലൂടെ ടാങ്കർ ലോറി കയറിയിറങ്ങി. ഇദ്ദേഹത്തെ തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ടാങ്കർ ലോറിയിൽ ഇടിച്ച കാർ എതിർദിശയിലേക്ക് തിരിയുകയും പിറകിൽനിന്ന് വന്ന മറ്റൊരു കാറുമായും ബൈക്കുമായും കൂട്ടിയിടിക്കുകയും ചെയ്തു. കാർ യാത്രികരായ രണ്ടുപേർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ ചേറ്റുവ ടി.എം ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു.