മറയൂർ: വിനോദസഞ്ചാരത്തിന് സുഹൃത്തുക്കൾക്കൊപ്പം മറയൂരിലേക്ക് വരുകയായിരുന്ന തമിഴ്നാട് സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു. തമിഴ്നാട് പുതുക്കോട്ട സൗത്തിൽ മൂന്നാം തെരുവ് സ്വദേശി അക്ബർ അലിയാണ് (52) ഒന്നര കൊമ്പൻ എന്നറിയപ്പെടുന്ന ഒറ്റയാന്റെ കുത്തേറ്റ് മരിച്ചത്. ബുധനാഴ്ച രാത്രി 10.45ഓടെയാണ് സംഭവം.
പുതുക്കോട്ടയിൽനിന്ന് രാജ്കുമാർ, തിരുസെൽവം എന്നീ സുഹൃത്തുക്കൾക്കൊപ്പം കാറിൽ മറയൂരിലേക്ക് വരുകയായിരുന്നു അക്ബർ അലി. മറയൂർ-ചിന്നാർ റോഡിൽ ജെല്ലിമല ഭാഗത്ത് ഒറ്റയാൻ റോഡിൽ നിൽക്കുന്നതുകണ്ട് ഒട്ടേറെ വാഹനങ്ങൾ ഇരുവശത്തുമായി നിർത്തിയിരുന്നു. ഇതുകണ്ട് അക്ബർ അലിയും കൂട്ടുകാരും കാർ നിർത്തി. കാർ ഓടിച്ചിരുന്ന രാജ്കുമാർ ഒഴികെയുള്ളവർ പുറത്തിറങ്ങി. ഇതിനിടെ, എതിർവശത്തുനിന്ന് നടന്നുവന്ന ഒറ്റയാനെക്കണ്ട് തിരുസെൽവം ഓടി രക്ഷപ്പെട്ടു. എന്നാൽ, റോഡിൽ വീണുപോയ അക്ബർ അലിയുടെ നെറ്റിയിൽ ആന കുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആഴത്തിൽ മുറിവേറ്റ അക്ബർ അലി സംഭവസ്ഥലത്തുതന്നെ മരിച്ചു. ചിന്നാർ വൈൽഡ് ലൈഫ് അസി.വാർഡൻ നിധിൻലാൽ, മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ് കുമാർ, മറയൂർ എസ്.എച്ച്.ഒ പി.ടി. ബിജോയ്, സി.പി.ഒമാരായ സജുസൺ, അർജുൻ എന്നിവരും വനപാലകസംഘവും സ്ഥലത്തെത്തി.
ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മറയൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിച്ച അക്ബർ അലിയുടെ മൃതദേഹം പൊലീസ് നടപടിക്രമങ്ങൾക്ക് ശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം പുതുക്കോട്ടയിലേക്ക് കൊണ്ടുപോകും. കെട്ടിട നിർമാണ കരാറുകാരനായ അക്ബർ അലി ഉദുമൽപേട്ടയിലെ സുഹൃത്തുക്കളെ കണ്ടശേഷം മറയൂരിൽ രാത്രി താമസിച്ച് വ്യാഴാഴ്ച രാവിലെ സ്ഥലങ്ങൾ സന്ദർശിക്കാനായിരുന്നു പദ്ധതി. ഭാര്യ: സാറാമ്മ. മക്കൾ: അർഹബ്, റീമ ഹാജിറ.