വൈക്കം: പുല്ല് ചെത്തുന്നതിനിെട പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് ക്ഷീരകർഷകൻ മരിച്ചു. വൈക്കം ഉദയനാപുരം പടിഞ്ഞാറെക്കരയിൽ കെ.വി. രാജുവാണ് (48) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീടിനുസമീപത്തെ പാടത്തായിരുന്നു അപകടം. സാധാരണ പുല്ലുചെത്തി 11ഓടെ തിരിച്ചുവരുന്ന രാജുവിനെ കാണാതായതിനെത്തുടർന്ന് മരുമകൾ സ്മിത ഭർത്താവ് രാഹുലിനെ വിവരമറിയിക്കുകയായിരുന്നു. രാഹുൽ പാടത്തു ചെന്നപ്പോൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലിനിടയിൽ വീണു കിടക്കുന്ന പിതാവിനെയാണ് കണ്ടത്. അപകടമറിയാതെ പിതാവിനെ എടുത്തുയർത്താൻ ശ്രമിച്ച രാഹുലും ഷോക്കേറ്റ് തെറിച്ചുവീണു. കൈക്കുള്ളിൽ ചെത്തിയ പുല്ലുമായി ദേഹത്ത് പൊള്ളലേറ്റ നിലയിലായിരുന്നു രാജു.
നാട്ടുകാർ വിവരമറിച്ചതിനെത്തുടർന്ന് കെ.എസ്.ഇ.ബി അധികൃതർ ഉടനെത്തി വൈദ്യുതി വിച്ഛേദിച്ച് വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാജുവിെൻറ വീടിന് മുൻവശത്തെ റോഡിലൂടെ പുതിയ വൈദ്യുതി ലൈൻ എത്തിയതിനെത്തുടർന്ന് വീടിന് പിറകിലൂടെ കടന്നുപോയ പഴയ ലൈൻ ഉപയോഗശൂന്യമായി. കെ.എസ്.ഇ.ബി അധികൃതർ വീടിനോട് ചേർന്ന പോസ്റ്റിൽ നിന്നുള്ള വൈദ്യുതി കമ്പി മാസങ്ങൾക്കുമുമ്പ് മുറിച്ചിട്ടു.
രാജുവിെൻറ വീടിെൻറ കിഴക്കുഭാഗത്തെ പാടശേഖരത്തിന് നടുവിലൂടെ കടന്നുപോകുന്ന ലൈൻ ചതുപ്പായി കിടക്കുന്ന പാടത്തിറങ്ങി വിച്ഛേദിക്കാൻ അധികൃതർ കൂട്ടാക്കാതിരുന്നതാണ് ആളപായത്തിനിടയാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംസ്കാരം നടത്തി. ഭാര്യ: മിനി. മക്കൾ: രാഹുൽ, രോഹിത. മരുമകൾ: സ്മിത. വൈക്കം പൊലീസ് നടപടി സ്വീകരിച്ചു.