കോട്ടയം: വീട്ടിനുള്ളിൽ അമ്മയെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തി. മറിയപ്പള്ളി മുട്ടം കളത്തൂർ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ രാജമ്മ (85), മൂത്തമകൻ സുഭാഷ് (55) എന്നിവരെയാണ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ച എഴുന്നേറ്റ രണ്ടാമത്തെ മകൻ മധുവാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടത്. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും സുഭാഷിന്റെ മൃതദേഹം മറ്റൊരു കിടപ്പുമുറിയിലുമായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് രാജമ്മ കിടപ്പിലായിരുന്നു. പുലർച്ച മൂന്നിന് ഇളയ മകൻ മധു എഴുന്നേറ്റപ്പോൾ അമ്മയെ അനക്കമില്ലാത്ത നിലയിൽ കാണപ്പെടുകയായിരുന്നു. ഇതേതുടർന്ന് മധു സുഭാഷിന്റെ അടുത്തെത്തി വിവരം അറിയിക്കാൻ വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല. തുടർന്ന്, മധു സമീപവാസികളെയും ചിങ്ങവനം പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരെയും മരിച്ചതായി കണ്ടെത്തിയത്.
ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്കുശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ചിങ്ങവനം പൊലീസ് പറഞ്ഞു.