പെരുമ്പാവൂർ: സിറോ മലബാർ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപത വൈദികന് പുല്ലുവഴി നങ്ങേലിമാലില്‍ വീട്ടിൽ ഫാ. ജോസഫ് നങ്ങേലിമാലില്‍ (82) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളാൽ അങ്കമാലി എല്‍.എഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1969 ഡിസംബര്‍ 20ന് കർദിനാൾ മാര്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. തൃപ്പൂണിത്തുറ, ഞാറക്കല്‍ പള്ളികളില്‍ അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. ലിസ്യൂനഗര്‍, നെടുമ്പ്രക്കാട്, തുണ്ടത്തുംകടവ്, വരാപ്പുഴ, ചൊവ്വര, തുരുത്തിപ്പുറം, മേക്കാട്, കാലടി, മൂക്കന്നൂര്‍, കറുകുറ്റി, തിരുമുടിക്കുന്ന്, കച്ചേരിപ്പടി, ആയത്തുപടി, കുറുമശ്ശേരി എന്നീ ഇടവകകളില്‍ വികാരിയായും ചെങ്ങല്‍ പ്രീസ്റ്റ് ഹോമിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. സഹോദരങ്ങള്‍: ഏലിയാസ്, ഏലിക്കുട്ടി, മേരിക്കുട്ടി, സിസ്റ്റർ മെസിയ, സിസ്റ്റർ ഫില്‍സി, സെലിന്. വെള്ളിയാഴ്ച രാവിലെ 11ന് വസതിയിലും 11മുതല്‍ പുല്ലുവഴി സെന്റ് തോമസ് ദേവാലയത്തിലും പൊതുദര്‍ശനത്തിന് ശേഷം ഉച്ചക്ക് 2.30ന് സംസ്കരിക്കും.