അങ്കമാലി: പ്രശസ്ത കഥകളി നടനും അധ്യാപകനുമായ ജയദേവവർമ (ഫാക്ട് ജയദേവവർമ -66) വാഹനാപകടത്തിൽ മരിച്ചു. ദേശീയപാതയിൽ ദേശം കുന്നുംപുറം സൗപർണിക ബേക്കറിക്ക് സമീപം തിങ്കളാഴ്ച പുലർച്ച 5.45നായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ദേശം ഭാഗത്തുനിന്ന് വന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രികൻ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. അവശനിലയിലായ ജയദേവവർമയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ച മരിച്ചു. അക്ഷരശ്ലോക വിദ്വാൻ അഞ്ചേരി കിഴക്കേചങ്കരംപാട്ട് കെ.സി. രാമവർമയുടെയും ചൊവ്വര കോയിക്കൽ മഠത്തിൽ നന്ദിനി നമ്പിഷ്ട്യാതിരിയുടെയും മകനാണ്. ഫാക്ട് ഉദ്യോഗമണ്ഡൽ കഥകളി വിദ്യാലയത്തിൽ കലാമണ്ഡലം വൈക്കം കരുണാകരൻ നായർ, കുടമാളൂർ കരുണാകരൻ നായർ, ഫാക്ട് ഭാസ്കരൻ എന്നിവരുടെ ശിക്ഷണത്തിലാണ് കഥകളിയിൽ ആദ്യപാഠം അഭ്യസിച്ചത്. അതിന് ശേഷം കോട്ടക്കൽ പി.വി.എസ് നാട്യസംഘത്തിൽ കോട്ടക്കൽ കൃഷ്ണൻകുട്ടിനായരുടെയും കോട്ടക്കൽ ചന്ദ്രശേഖരവാര്യരുടെയും ശിക്ഷണത്തിൽ തുടർപഠനവും തിരുവനന്തപുരം മാർഗിയിൽ കലാമണ്ഡലം കൃഷ്ണൻ നായർ, ഇഞ്ചക്കാട് രാമചന്ദ്രൻ പിള്ള എന്നിവരുടെ ശിക്ഷണത്തിലും കഥകളി അഭ്യസിച്ചു.
തിരുവനന്തപുരത്ത് എം.കെ.കെ. നായർ രക്ഷാധികാരിയായിരുന്ന ‘താണ്ഡവ’ കഥകളി തിയറ്ററിന്റെ ആരംഭം മുതൽ കഥകളി സംഘാടകനായും നടനായും അധ്യാപകനായും പ്രവർത്തിച്ചു. സംസ്ഥാന യുവജനോത്സവ വേദികളിൽ വിധിയെഴുത്തുകാരിൽ പ്രധാനിയായിരുന്നു. മലയാള ചലച്ചിത്ര വേദിയിലും ജയദേവവർമ വ്യക്തിമുദ്ര പതിപ്പിച്ചു. സംവിധായകൻ രാജസേനനൊപ്പം ആറ് സിനിമയിൽ അസോസിയേറ്റായും ബാലചന്ദ്രമേനോൻ, വിജി തമ്പി എന്നിവരോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ദൂരദർശനിൽ സംപ്രേഷണം ചെയ്ത, ‘പുറപ്പാട്’ സീരിയലിൽ കൈലാസ് നാഥിനൊപ്പം ‘കഥകളി നടനായി’ അഭിനയിച്ചിട്ടുണ്ട്. കാലടി കാഞ്ഞൂർ പുതിയേടത്തായിരുന്നു സ്ഥിരതാമസം. അടുത്തിടെയാണ് ദേശം കുന്നുംപുറത്തെ പി.വി.എസ് ഫ്ലാറ്റിൽ താൽക്കാലിക താമസത്തിനെത്തിയത്. ഭാര്യ: പന്തളം കൊട്ടാരം കുടുംബാംഗം പത്മജ തമ്പുരാട്ടി. മക്കൾ: രാം കശ്യപ് വർമ, ഗോകുൽ കൃഷ്ണ രാജ. മരുമകൾ: വിദ്യരാം. സഹോദരങ്ങൾ: ഗിരിജവർമ, അശോകവർമ, ഗീതരാജ. സംസ്കാരം കാഞ്ഞൂർ പുതിയേടം വീട്ടുവളപ്പിൽ നടന്നു.