വടക്കഞ്ചേരി: കിഴക്കഞ്ചേരി ഒടുകിൻചോട്ടിൽ കുടുംബത്തിലെ നാലുപേർ വിഷം കഴിച്ച് ആത്മഹത്യശ്രമം നടത്തിയ സംഭവത്തിൽ പിതാവ് മരിച്ചു. മൂന്നുപേർ ഗുരുതരാവസ്ഥയിൽ. ഒലിപ്പാറ കയറാടി കൊമ്പന്നാൽ രാജപ്പനാണ് (65) മരിച്ചത്. ഭാര്യ ആനന്ദവല്ലി (60), മക്കളായ അനീഷ് (35), ആശ (30) എന്നിവരാണ് ജില്ല ആശുപത്രിയിൽ ചികിത്സയിലുള്ളത്. വടക്കഞ്ചേരി പൊലീസ് ഇവർ താമസിച്ചിരുന്ന ഈരോരിക്കൽ ജോയിയുടെ എസ്റ്റേറ്റ് ബംഗ്ലാവിലെത്തി പരിശോധന നടത്തി. വിഷം കഴിക്കാനുപയോഗിച്ച ഗ്ലാസുകളും കീടനാശിനിയുടെ അവശിഷ്ടവും കണ്ടെത്തി. ആത്മഹത്യക്കുറിപ്പ് ഉണ്ടായിരുന്നില്ല.
ഗുരുതരാവസ്ഥയിലുള്ള മറ്റ് മൂന്നുപേരും വെന്റിലേറ്ററിലായതിനാൽ ഇവരുടെ മൊഴി പൊലീസിന് രേഖപ്പെടുത്താനായിട്ടില്ല.
ഇതിനിടെ, കൂട്ട ആത്മഹത്യശ്രമത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. എസ്റ്റേറ്റ് ഉടമയും ഇവരും തമ്മിൽ സാമ്പത്തിക ഇടപാടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് കേസും ഉണ്ടായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ വിശദ അന്വേഷണം ഉണ്ടാവുമെന്നാണ് പൊലീസ് പറയുന്നത്. നാലുവർഷത്തിലേറെയായി കിഴക്കഞ്ചേരി കോട്ടേക്കുളം ഒടുകിൻചോട്ടിൽ ഈരോരിക്കൽ ജോയിയുടെ തോട്ടത്തിലെ തൊഴിലാളികളായ ഇവർ ചൊവ്വാഴ്ച വൈകീട്ടാണ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധനാഴ്ച പുലർച്ച 5.30 ഓടെയാണ് രാജപ്പൻ മരിച്ചത്.