പൂച്ചാക്കൽ: ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ പൂച്ചാക്കൽ പുന്നാത്തറ കുടുംബാംഗം മദീന മൻസിലിൽ എസ്.എ. അബ്ദുർറശീദ് മദീനി (69) നിര്യാതനായി. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ് പ്രിൻസിപ്പൽ, ആലുവ അൽ അസ്ഹർ അറബി കോളജ് ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഫറോക്ക് ഇർശാദിയ്യ കോളജ്, എടയൂർ െറസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി അംഗമാണ്. ചേന്ദമംഗലൂർ സ്കൂൾ, ചേന്ദമംഗലൂർ ഇസ്ലാഹിയ കോളജ്, ശാന്തപുരം ഇസ്ലാമിയ കോളജ്, തമിഴ്നാട്ടിലെ ഉമറാബാദ് ദാറുസ്സലാം എന്നിവിടങ്ങളിൽ പഠിച്ച അദ്ദേഹം മദീന ഇൻറർനാഷനൽ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽനിന്നാണ് ഉപരിപഠനം പൂർത്തിയാക്കിയത്. മുസ്ലിം വേൾഡ് ലീഗ് പ്രതിനിധിയായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം നിരവധി ലോക ഇസ്ലാമിക നേതാക്കളുടേതടക്കം പ്രസംഗങ്ങൾ തർജമ ചെയ്തിട്ടുണ്ട്.
ചേന്ദമംഗലൂർ ഒതയമംഗലം മഹല്ല് ജുമാമസ്ജിദ്, കോവൂർ ജുമാമസ്ജിദ്, കോഴിക്കോട് മസ്ജിദ് ലുഅ്ലുഅ്, എറണാകുളം വാഴക്കാല ജുമാമസ്ജിദ് തുടങ്ങിയ പള്ളികളിൽ ഖതീബായും സേവനം ചെയ്തിട്ടുണ്ട്.
ഭാര്യ: റാഷിദ. മക്കൾ: ഷഹനാസ് (സലാല), മുഹമ്മദ് ഷാഹിർ (ദുബൈ), മുഹമ്മദ് ഷബീർ (കുവൈത്ത്), ഷഫീഖ്. മരുമക്കൾ: മുസ്സമ്മിൽ (സലാല), അമൻ കഷഫ് (ദുബൈ), നദ, ഹസ്ന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പാണാവള്ളി തെക്കുംഭാഗം മുഹ്യിദ്ദീൻ പുത്തൻപള്ളി ഖബർസ്ഥാനിൽ.