തൃശൂര്‍: തൃശൂര്‍ അതിരൂപതയിലെ വൈദികനായിരുന്ന ഫാ. ആന്റോ എടക്കുളത്തൂര്‍ (72) നിര്യാതനായി. പാവറട്ടി ഇടവകയിലെ പരേതരായ ജോസഫ്-മേരി ദമ്പതികളുടെ മകനാണ്.
തൃശൂര്‍ മൈനര്‍ സെമിനാരി, ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി എന്നിവിടങ്ങളിൽ വൈദിക പരിശീലനം പൂര്‍ത്തിയാക്കിയശേഷം 1980 ഡിസംബര്‍ 26ന് വൈദികപട്ടം സ്വീകരിച്ചു. എരുമപ്പെട്ടി, പുതുക്കാട്, പഴുവില്‍ എന്നിവിടങ്ങളില്‍ സഹവികാരിയായും പെരിങ്ങോട്ടുകര ഇടവകയില്‍ നടത്തുവികാരിയായും ആറ്റത്തറ, വാടാനപ്പിള്ളി, പൊങ്ങണംകാട്, കുണ്ടുകാട്, ചിറക്കല്‍, ആറ്റുപുറം, തങ്ങാലൂര്‍, ആറംപിള്ളി, കിരാലൂര്‍ എന്നിവിടങ്ങളില്‍ വികാരിയായും സേവനമനുഷ്ഠിച്ചു.
തൃശൂര്‍ ബസിലിക്കയില്‍ കുമ്പസാരക്കാരനായും മരിയാപുരത്തെ എം.എം.ബി ബ്രദേഴ്സിന്റെ മിഷന്‍ഹോമില്‍ കപ്ലോനായും സേവനം ചെയ്തിട്ടുണ്ട്. 2019ല്‍ വിരമിച്ച അദ്ദേഹം സെന്റ് ജോസഫ് വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. സഹോദരങ്ങൾ: ഡേവിസ്, ബേബി, ജോണി, ജോസന്, റവ. സി. റോസ്, വിന്‍സെന്റ്.
വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ 8.30 വരെ സെന്റ് ജോസഫ് വൈദിക മന്ദിരത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് ഉച്ചക്ക് മൂന്നിന് പാവറട്ടി ഇടവക ദേവാലയത്തില്‍ തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കാര്‍മികത്വത്തില്‍ സംസ്കാരം നടക്കും.