ചെറുതുരുത്തി: ദേശമംഗലം തിരുമിറ്റക്കോട് ചെരിപ്പൂർ പൂക്കരാത്ത് വീട്ടിൽ കോയാമു ഹാജി (സയാനി കോയാമു ഹാജി - 78) നിര്യാതനായി. പരേതരായ വാപ്പുട്ടി വൈദ്യർ-തിത്തിമ്മു ദമ്പതികളുടെ മകനാണ്. 1960ൽ മുംബൈയിൽ നിന്ന് കപ്പൽ വഴി ബഹ്റൈനിലെത്തിയ ഇദ്ദേഹം ആദ്യകാല പ്രവാസികളിലൊരാളാണ്.
മനാമയിൽ സയാനി എന്നപേരിൽ ഹോട്ടൽ തുടങ്ങിയ ശേഷം മലയാളികൾക്കും വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന് തൊഴിലില്ലാതെ ബുദ്ധിമുട്ടിയ ഒട്ടേറെ പേർക്കും മാസങ്ങളോളം ഭക്ഷണവും താമസവും സൗജന്യമായി നൽകുകയും ജോലി ഏർപ്പെടുത്തി ക്കൊടുക്കുകയും ചെയ്തിരുന്നു. സയാനി ഹോട്ടലിനോട് ചേർന്ന് സ്ഥാപിച്ച പോസ്റ്റ് ബോക്സ് ബഹ്റൈൻ തപാൽ വകുപ്പ് അംഗീകൃത പോസ്റ്റ് ബോക്സായി പരിഗണിക്കുകയും ചെയ്തു.
ബഹ്റൈൻ കേരള മുസ്ലിം ജമാഅത്ത്, ബഹ്റൈൻ കേരള സമാജം, ബഹ്റൈൻ കെ.എം.സി.സി എന്നിവയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ്. ചെരിപ്പൂർ ജുമാ മസ്ജിദ്, മദ്റസ കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യമാർ: പരേതയായ ലൈല, സുലൈഖ (പള്ളം). മക്കൾ: സൽമാൻ, അബ്ദുൽ ഗഫൂർ, മിശ്ഹാബ് (ബാബു), പരേതനായ ഖാലിദ്. മരുമക്കൾ: ആയിശ, ഹന്നത്ത്, ആരിഫ, റമീജ.