തളിപ്പറമ്പ്: പട്ടുവം മംഗലശ്ശേരി പുഴയിൽ പടപ്പേങ്ങാട് സ്വദേശി രാജീവൻ കൂനത്തറയെ (52) മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലശ്ശേരി ജലോത്സവം നടക്കുന്നതിന് സമീപത്ത് ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്.
വെള്ളത്തിൽ കമിഴ്ന്നുകിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. പടപ്പേങ്ങാട് ആലിന് സമീപം താമസിക്കുന്ന രാജീവിനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലെന്ന് ബന്ധുക്കൾ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: പരേതനായ നാരായണൻ. മാതാവ്: ദാക്ഷായണി. സഹോദരങ്ങൾ: രാജൻ (സോമേശ്വരം ക്ഷേത്രം ജീവനക്കാരൻ), പ്രഭാവതി, പ്രസന്ന.