പന്തീരാങ്കാവ്: വീടിന് സമീപത്തെ പറമ്പിലെ മണ്ണെടുക്കുന്നതിനിടെ പനവീണ് വയോധികക്ക് ദാരുണാന്ത്യം. പെരുമണ്ണ അരിമ്പച്ചാൽ വടക്കേപറമ്പ് ചിരുതക്കുട്ടി (88)യാണ് തിങ്കളാഴ്ച അപകടത്തിൽപെട്ടത്. ഒപ്പമുണ്ടായിരുന്ന ചെറുമകൾ ആരാധനക്ക് (അഞ്ച്) അപകടത്തിൽ പരിക്കേറ്റു. വീടിനടുത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മണ്ണെടുത്ത് നിരത്തുന്നതിനിടെയാണ് അപകടം.
ഉയരം കൂടിയ പന മുകളിൽ കയറിട്ട് കെട്ടാതെയും മുകൾ ഭാഗം മുറിച്ച് മാറ്റാതെയും തള്ളിയിടാനുള്ള ശ്രമത്തിനിടെ ചിരുതക്കുട്ടിയുടെ മേൽ വീഴുകയായിരുന്നു. പനയും സമീപത്തെ കവുങ്ങും ഇവരുടെ വീടിന് മുകളിലും പതിച്ചു.
ഈ സമയം ചിരുതക്കുട്ടിയും ചെറുമകളും വീടിന് പുറത്തായിരുന്നു. ഉടൻ സ്ഥലത്തെത്തിയ നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചിരുതക്കുട്ടി മരിച്ചു. സ്ഥലത്തെത്തിയ കോഴിക്കോട് താലൂക്ക് ദുരന്തനിവാരണസേനയും നാട്ടുകാരും ചേർന്നാണ് വീടിന് മുകളിൽ നിന്ന് മരം മുറിച്ച് മാറ്റിയത്. രക്ഷാ പ്രവർത്തനത്തിനിടെ ദുരന്ത നിവാരണ സേന കോഓഡിനേറ്റർ മഠത്തിൽ അബ്ദുൽ അസീസിന് പരിക്കേറ്റു. അപകടത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രം പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ അറസ്റ്റ് ചെയ്തു.
ചിരുതക്കുട്ടിയുടെ ഭർത്താവ്: പരേതനായ ചെറൂട്ടി. മക്കൾ: സദാനന്ദൻ, ശോഭന, ജഗദ, രജനി, വിനു. മരുമക്കൾ: റീന, മാധവൻ, സദാനന്ദൻ, ദയാനിധി, അശ്വതി.