അങ്കമാലി: നടനും ഹ്രസ്വചിത്ര സംവിധായകനും മൊബൈല്‍ ഷോപ്പുടമയുമായ സലീഷ് വെട്ടിയാട്ടില്‍ അങ്കമാലിയില്‍ വാഹനാപകടത്തില്‍ മരിച്ചു.
സലീഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം യൂട്യൂബിൽ സംപ്രേഷണം ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കെയാണ് അപകടം. സലീഷ് ഓടിച്ച കാര്‍ ടെല്‍ക്കിന് സമീപം റെയില്‍വേ മേല്‍പാലം ഇരുമ്പ് കൈവരിയില്‍ ഇടിച്ചുകയറുകയായിരുന്നു. ഞായറാഴ്ച ഉച്ചക്ക് 1.55നായിരുന്നു അപകടം.
തകര്‍ന്ന കാറില്‍നിന്ന് അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ ക്ലേശിച്ചാണ് സലീഷിനെ പുറത്തെടുത്തത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. ചാലക്കുടി വെട്ടിയാട്ടില്‍ വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെയും വിലാസിനിയുടെയും മകനാണ്. സലീഷും കുടുംബവും തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര സിറ്റി കേദാര്‍ ഫ്ലാറ്റിലാണ് താമസിക്കുന്നത്. പതിനേഞ്ചാളം സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഭാര്യ: കുറ്റിച്ചിറ സ്വദേശിനി അബിത. മക്കള്‍: ആദിദേവ്, ദേവിക. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.