തിരുവനന്തപുരം: ശിൽപിയും മുൻ കേന്ദ്രീയ വിദ്യാലയം അധ്യാപകനുമായ മുക്കോല പണിക്കൻവിള നവീൻ ഭവനിൽ വി. സതീശൻ (56) നിര്യാതനായി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽനിന്ന് ബിരുദവും ഡെൽഹി യൂനിവേഴ്സിറ്റിയിൽനിന്ന് മാസ്റ്റർ ബിരുദവും നേടിയിട്ടുള്ള സതീശൻ ഡൽഹി, മുംബൈ ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും കേരളത്തിലുമായി 75ലേറെ പ്രദർശനങ്ങളിൽ പങ്കെട്ടുത്തിട്ടുണ്ട്. പാരിസിലും സിംഗപ്പൂരിലും ശിൽപങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
മനുഷ്യ ജീവിതത്തിൽ നിന്ന് അടർത്തിയെടുത്ത ജീവിത മുഹൂർത്തങ്ങളും ഗൃഹാതുരമായ ഗ്രാമീണ, നഗര ജീവിതവും അദ്ദേഹം ഇതിവൃത്തമാക്കി. സൈക്കിൾ പാർട്ട്സും പി.വി.സി പൈപ്പ് കൊണ്ടുമൊക്കെ ശില്ലങ്ങൾ നിർമിച്ചിട്ടുള്ള സതീശന്റെ ശൈലി ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ലളിതകലാ അക്കാദമി പുരസ്കാരം, കേന്ദ്ര ഗവൺമെന്റിന്റെ സീനിയർ ഫെലോഷിപ്, രാജസ്ഥാൻ ലളിതകലാ അക്കാദമിയുടെ പുരസ്കാരം, രവിവർമ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കായംകുളം, കൊല്ലം ആശ്രാമം, അഡ്വഞ്ചർ പാർക്ക് എന്നിവിടങ്ങളിൽ സിമന്റ് ശിൽപങ്ങൾ നിർമിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയത്തിൽനിന്ന് സ്വയം വിരമിച്ച ശേഷം പുണെ എം.ടി ഫൈനാർട്സ് യൂനിവേഴ്സിറ്റി അഡ്വൈസറി കമ്മിറ്റി അംഗമായി പ്രവർത്തിക്കുകയായിരുന്നു. ആന്ധ്രപ്രദേശിലെ റിഷിവാലി സ്കൂളിലും ചിത്രകലാ അധ്യാപകനായിരുന്നു.
തിരുവനന്തപുരം പാറോട്ടുകോണം കുന്നിൽ എൻ. വാസവന്റെയും സരസമ്മാളിന്റെയും മകനാണ്.
ഭാര്യ: രേഖ. മക്കൾ: നവീൻ (ജർമനിയിൽ എൻജിനീയറിങ് വിദ്യാർഥി), നവനീത് (പ്ലസ് വൺ). വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 11.30 വരെ മുക്കോലയിലെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം ശാന്തികവാടത്തിൽ നടക്കും.