നീലേശ്വരം: പള്ളിക്കര മേൽപാലത്തിൽ ബൈക്കിന് പിന്നിൽ കാർ ഇടിച്ച് ഇരിക്കൂർ നിലാമുറ്റം മഖാമിന് സമീപം എട്ടക്കയത്തെ കെ.വി. ഹുസൈൻ കുട്ടി (59) മരിച്ചു. മകൻ ഫൈസലിനെ (29) ഗുരുതര നിലയിൽ കണ്ണൂർ മിംസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരെ ഇടിച്ചിട്ട് നിർത്താതെ ഓടിച്ചുപോയ കാർ ബങ്കളത്തെ വർക്ക്ഷോപ്പിൽ നിന്ന് നീലേശ്വരം പൊലീസ് കണ്ടെടുത്തു. ഞായറാഴ്ച രാത്രി 12.30നാണ് അപകടം.
മംഗളൂരുവിൽ ബന്ധുവിന്റെ മരണവീട്ടിൽ പോയി ബൈക്കിൽ ഇരിക്കൂരിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരുമാണ് ആദ്യം നീലേശ്വരം സഹകരണ ആശുപത്രിയിൽ എത്തിച്ചത്. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ ബസ് ഡ്രൈവറാണ് ഹുസൈൻ കുട്ടി. എ.പി. സൈബുന്നീസയാണ് ഹുസൈൻ കുട്ടിയുടെ ഭാര്യ. മറ്റു മക്കൾ: ഫാസില, ഫഫ്സീന, ഫസലത്തുന്നീസ.
മരുമക്കൾ: റാസിക്, മുഫീർ, ഹാഷിർ, ഹഷുറ. സഹോദരങ്ങൾ: ഹാരിസ്, സാബിത്ത്, ആയിഷ, ഖദീജ, റഹ്മത്ത്, സുബൈദ, സറീന, റാബി, മറിയം.