പാലക്കാട്ട് വോട്ട് രേഖപ്പെടുത്തി മടങ്ങവേ
ഒറ്റപ്പാലം/കുഴൽമന്ദം/ചിറ്റൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവേ പാലക്കാട് മൂന്നിടത്ത് വോട്ടർമാർ കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോടൻ കാട്ടിൽ ചന്ദ്രൻ (68), വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥന്റെ മകൻ ശബരി (35), ചിറ്റൂർ വിളയോടി പുതുശ്ശേരി ചാത്തുവിന്റെ മകൻ കണ്ടൻ (63) എന്നിവരാണ് മരിച്ചത്.
രാവിലെ എട്ടോടെയാണ് ചന്ദ്രൻ മരിച്ചത്. വാണിവിലാസിനി എ.എൽ.പി സ്കൂൾ ബൂത്തിലായിരുന്നു ഇദ്ദേഹത്തിന് വോട്ട്. കുറച്ച് നേരം വരിനിന്നശേഷമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് വീട്ടിലേക്ക് മടങ്ങവേ ചായ കുടിക്കാൻ പ്രദേശത്തുള്ള കടയിൽ കയറിയിരുന്നു. ഇവിടെവെച്ചാണ് കുഴഞ്ഞുവീണത്. ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഴൽമന്ദം തേങ്കുറുശ്ശി വടക്കേത്തറ ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി മടങ്ങവേയാണ് ശബരി മരിച്ചത്. മാതാവ്: മല്ലിക. സഹോദരങ്ങൾ: ഷൈജ, ഷീജ, ഷീബ. ഉച്ചക്ക് 12 മണിയോടെയാണ് കണ്ടൻ മരിച്ചത്. വിളയോടി നല്ല മാടൻ ചള്ളയിലെ പോളിങ് സ്റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മടങ്ങവേ പോളിങ് സ്റ്റേഷനു സമീപത്തുതന്നെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ നാട്ടുകാർ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.