കുറ്റിക്കാട്ടൂർ: മേൽക്കൂര വൈദ്യുതിലൈനിൽ തട്ടിയ ഷെഡിന്റെ ഇരുമ്പുതൂണിൽനിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പൂവാട്ടുപറമ്പ് എരഞ്ഞിക്കൽതാഴം പുതിയോട്ടിൽ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസാണ് (18) മരിച്ചത്. ഷോക്ക് സംബന്ധിച്ച് വിവരം അറിയിച്ചിട്ടും കെ.എസ്. ഇ.ബി അധികൃതർ നടപടി എടുക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.
തിങ്കളാഴ്ച പുലർച്ച ഒരു മണിയോടെ കുറ്റിക്കാട്ടൂർ- മുണ്ടുപാലം റോഡിൽ എ. ഡബ്ല്യു.എച്ച് റോഡ് ജങ്ഷനുസമീപമാണ് അപകടം. കിണാശ്ശേരിയിൽനിന്ന് വരുന്നതിനിടെ കേടായതിനെതുടർന്ന് സ്കൂട്ടർ സമീപത്തെ സ്വകാര്യ കെട്ടിടത്തിന്റെ വരാന്തയിലേക്ക് കയറ്റി നിർത്തുന്നതിനിടെയാണ് അപകടം. മേൽക്കൂരയുടെ തൂണിൽ പിടിച്ചപ്പോൾ ഷോക്കേറ്റ് വീഴുകയായിരുന്നു. സ്കൂട്ടർ കേടായതിനെത്തുടർന്ന് വീട്ടിലേക്ക് തിരിച്ചുപോകാൻ വിളിച്ചുവരുത്തിയ സഹോദരൻ റാഫിക്കും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു. സഹോദരനും അതുവഴി വന്ന യാത്രക്കാരനും ചേർന്ന് റിജാസിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ മാവ് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞതിനെതുടർന്ന് കെട്ടിടത്തിന്റെ മുൻവശത്തെ ഷെഡിൽ ചെറിയതോതിൽ ഷോക്ക് അനുഭവപ്പെട്ടിരുന്നു.
മേയ് 17നു തന്നെ വിവരം കെട്ടിട ഉടമയും പരിസരത്തുള്ളവരും നിരവധി കെ.എസ്.ഇ.ബി കോവൂർ സെക്ഷനിൽ അറിയിക്കുകയും രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ ജീവനക്കാരൻ വന്നുപോയെങ്കിലും നടപടിയൊന്നും എടുത്തില്ല. റിജാസ് ഈ വർഷം പ്ലസ് ടു പരീക്ഷ പാസായശേഷം ബന്ധുവിന്റെ കിണാശ്ശേരിയിലെ ഹോട്ടലിൽ സഹായത്തിന് നിൽക്കുകയായിരുന്നു.
മാതാവ്: നദീറ. സഹോദരങ്ങൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റാഫി (യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), ഫാത്തിമ റിഹ്സാന.