മരിച്ചത് എറണാകുളം സ്വദേശികോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ സ്ഥാപനത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ എൻജിനീയറിങ് വിദ്യാർഥി മരിച്ചു. എറണാകുളം ചെല്ലാനം സ്വദേശി മാവുങ്കൽ പറമ്പിൽ ശിവദാസന്റെ മകൻ അനുരൂപ് (21) ആണ് മരിച്ചത്.
വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിലെ അപ്ലൈഡ് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർഥിയാണ് അനുരൂപ്. ഒപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠി കോട്ടയം തലയോലപറമ്പ് മനയത്ത് വീട്ടിൽ മുഹമ്മദ് ഇഖ്ബാലിന്റെ മകൻ ഇജാസ് ഇഖ്ബാൽ (21) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലർച്ച മൂന്നരയോടെയാണ് അപകടം. ഇരുവരും ഹോസ്റ്റലിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിൽ പ്രവർത്തിക്കുന്ന വിനോദ് പെറ്റ് ക്ലിനിക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വീടിന് പുറത്തെ കൈവരികളും ചുമരും തകർന്നിട്ടുണ്ട്. സമീപവാസികൾ ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും അനുരൂപ് മരണപ്പെട്ടു.
ജയന്തിയാണ് അനുരൂപിന്റെ മാതാവ്. സഹോദരി: ശിവരഞ്ജിനി (വിദ്യാർഥിനി).
കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. അപകടത്തിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.