ചങ്ങനാശ്ശേരി: മറാത്തി എഴുത്തുകാരൻ വി.എസ്. ഖണ്ഡേക്കറുടെ വിഖ്യാത നോവൽ യയാതിയടക്കം നിരവധി ഹിന്ദി സാഹിത്യരചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പെരുന്ന കൃഷ്ണഭവൻ കളത്തിൽ പ്രഫ. പി. മാധവൻപിള്ള (81) നിര്യാതനായി. അർബുദത്തിന് ചികിത്സയിലായിരുന്നു.
‘മാതൃഭൂമി ആഴ്ച്ചപ്പതിപ്പി’ൽ ചിത്രകാരൻ എ.എസിന്റെ വരയോടെയാണ് യയാതിയുടെ മലയാളവിവർത്തനം ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചത്. പ്രതിഭാറായ് എഴുതിയ യാജ്ഞസേനി, ശിലാപത്മം, മനോഹർശ്യാമിന്റെ കുരുകുരുസ്വാഹ, ആശാപൂർണാദേവിയുടെ നോവലുകൾ തുടങ്ങിയവ ഇദ്ദേഹത്തിന്റെ വിവർത്തനത്തിലൂടെയാണ് മലയാള വായനക്കാരിലെത്തിയത്. മികച്ച വിവർത്തകനുള്ള കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഭാരത്ഭവൻ അടക്കം 22ലേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭാരതീയ വിചാരകേന്ദ്രം ജില്ല അധ്യക്ഷനായിരുന്നു. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളജിലും ശ്രീശങ്കരാചാര്യ സർവകലാശാലയിലും ഹിന്ദി വകുപ്പ് അധ്യക്ഷനായിരുന്നു. ഇരുപത്തഞ്ചിലേറെ കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. ഭാര്യ: കളത്തിൽ കുടുംബാംഗം ടി. യമുന. മക്കൾ: എം. വിദ്യ (അധ്യാപിക, ഫാക്ട് സ്കൂൾ, ഉദ്യോഗമണ്ഡൽ), പരേതനായ സുദീപ്. മരുമക്കൾ: വി. മുരളി (എൻജിനീയർ), രാജലക്ഷ്മി സുദീപ് (കോഓപറേറ്റിവ് ഇൻസ്പെക്ടർ, ചങ്ങനാശ്ശേരി). സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് പെരുന്നയിലെ കൃഷ്ണഭവൻ കളത്തിൽ വീട്ടുവളപ്പിൽ.