ചെറുതോണി: ജൈവകർഷകനും കേന്ദ്രസർക്കാറിന്റെ നാഷനൽ ഇന്നൊവേഷൻ ഫൗണ്ടേഷൻ പുരസ്കാര ജേതാവുമായ ഇടുക്കി പട്ടയക്കുടി പുളിയൻമാക്കൽ പി.ജി. ജോർജ് (70) നിര്യാതനായി. ആദ്യകാല കുടിയേറ്റ കർഷനും സുവിശേഷ പ്രവർത്തകനുമായ ഇദ്ദേഹം കാർഷിക മേഖലയിൽ ഒട്ടേറെ കണ്ടുപിടിത്തങ്ങൾ നടത്തി.
ചോലകളിൽ മികച്ച വിളവുതരുന്നതും ദ്രുതവാട്ടത്തെ ചെറുക്കുന്നതുമായ സീയോൻ മുണ്ടി എന്നയിനം കുരുമുളക് വികസിപ്പിച്ചതിനാണ് 2015ൽ രാഷ്ട്രപതിയിൽനിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയത്. നിലത്തുനിന്ന് തന്നെ വിളവെടുക്കുന്ന കുരുമുളക് കൃഷി രീതി, ചെലവ് കുറഞ്ഞ എലിക്കെണികൾ, ജൈവ കീടനാശിനി, ആകാശക്കപ്പ, ജലപായലുകൾ ഉപയോഗിച്ചു ടയർ നെൽകൃഷി രീതി എന്നിവ ഇദ്ദേഹത്തിന്റെ സംഭാവനകളാണ്.
തദ്ദേശീയമായ അരയൻമുണ്ടി, നീലിമുണ്ടി, അറക്കുളം മുണ്ടി, പെരുഞ്ചോലക്കൊടി, പിരിമണിയൻ തുടങ്ങി ഇരുപത്തഞ്ചോളം വ്യത്യസ്ത കുരുമുളക് ഇനങ്ങൾ തന്റെ കൃഷിയിടത്തിൽ വളർത്തി.
മേലുകാവ് ഇരുമാപ്ര പുളിയൻമാക്കൽ പി.ജി. ജോർജിന്റെ മകനാണ്: ഭാര്യ ഇരുമാപ്ര കോഴിക്കുന്നേൽ റേച്ചൽ. മക്കൾ: ജിജി (ഓവർസിയർ, ജലവിഭവ വകുപ്പ്,) ആനിയമ്മ, ജയിംസ്, അഞ്ജു, ജെയ്സൺ. മരുമക്കൾ: ഷൈനി, സോണി, ബിൻസി, ജോമോൾ. സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.