താന്ന്യം: ഏഴു പതിറ്റാണ്ടിലേറെ വാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന തൃപ്രയാർ കിഴക്കേനട പൈനൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിന് സമീപം തൃപ്പേക്കുളത്ത് മാരാത്ത് മുകുന്ദ മാരാർ (തൃപ്രയാർ രാജപ്പൻ മാരാർ -89) നിര്യാതനായി. പ്രമുഖ തിമില വാദ്യ കലാകാരനായ ഇദ്ദേഹം ചെണ്ട, സോപാന സംഗീതം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ആദ്യകാലങ്ങളിൽ തൃശൂർ പൂരത്തിലെ വിവിധ ഘടകപൂരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ആറാട്ടുപുഴ, തൃപ്രയാർ, കൂടൽമാണിക്യം തുടങ്ങി പ്രമുഖ ക്ഷേത്രങ്ങളിലും തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ആറു പതിറ്റാണ്ടിലേറെ ആറാട്ടുപുഴ പൂരവുമായി ബന്ധപ്പെട്ട് തൃപ്രയാർ തേവരുടെ ഗ്രാമ പ്രദക്ഷിണത്തിൽ കുറുവേലയിൽ പങ്കെടുത്ത രാജപ്പൻ മാരാർ നിരവധി വർഷം കുറുവേലയിലെ പ്രമാണി ആയിരുന്നു. ആറാട്ടുപുഴ പാടത്ത് തൃപ്രയാർ തേവരുടെ പഞ്ചവാദ്യത്തിൽ പതിറ്റാണ്ടുകളോളം പ്രവർത്തിച്ചു. നാലു വർഷം പ്രമാണിയുമായിരുന്നു. ആദ്യകാല കലാകാരന്മാരായ പൊറുത്തുവീട്ടിൽ നാണു മാരാർ, അന്നമനട അച്യുത മാരാർ, പരമേശ്വര മാരാർ, തൃപ്പേക്കുളം അച്യുത മാരാർ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം സോപന സംഗീതത്തിൽ ഏറെ പ്രശസ്തനായിരുന്നു.
മാരാർ യോഗ ക്ഷേമ സഭയുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി വർഷം തൃപ്രയാർ ക്ഷേത്രത്തിൽ അടിയന്തിര മാരാർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൃപ്രയാർ ക്ഷേത്രവാദ്യകല ആസ്വാദക സമിതി പുരസ്കാരം, തൃപ്രയാർ കിഴക്കേനട പൂരകമ്മിറ്റി ആദരം, തൃപ്രയാർ പൗരാവലിയുടെ ശതാഭിഷേക ആദരം, എങ്ങണ്ടിയൂർ ശ്രീരാമ സേവ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ പത്മിനി മാരാസ്യാർ. മക്കൾ: ലതിക, പ്രമുഖ വാദ്യ കലാകാരൻ ആയിരുന്ന പരേതനായ ഗിരിശൻ മാരാർ. മരുമക്കൾ: സുനിത, പരേതനായ ഗോപാലകൃഷ്ണൻ.