പുന്നയൂർക്കുളം: ബൈക്ക് അപകടത്തിൽ കാൽനട യാത്രികൻ മരിച്ചു. വട്ടേക്കാട് സ്വദേശി പരേതനായ ബാവുവിന്റെ മകൻ ഇഖ്ബാലാണ് (ബാഷ-50) മരിച്ചത്. ആൽത്തറ വിശ്വഭാരതി കോളജിന് സമീപം തിങ്കളാഴ്ച രാത്രി 11.50ഓടെയായിരുന്നു അപകടം.
വാഹനമിടിച്ച് രക്തം വാർന്ന് റോഡരികിൽ കിടക്കുകയായിരുന്ന ഇഖ്ബാലിനെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല.
പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ എരമംഗലം ഷഹാനസിനെ (26) പുന്നയൂർക്കുളം ക്രിയേറ്റീവ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം റോയൽ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇഖ്ബാലിനെ തിരിച്ചറിഞ്ഞത്. അണ്ടത്തോട് സ്വദേശികളായ ഇക്ബാലിന്റെ കുടുംബം കടപ്പുറം വട്ടേക്കാട്ടേക്ക് താമസം മാറിയെങ്കിലും ഇഖ്ബാൽ പുന്നയൂർക്കുളത്ത് പലയിടങ്ങളിലായി താമസിച്ചു വരുകയായിരുന്നു. ചേറ്റുവ സ്ഥിരം താമസക്കാരനായ കബീർ സഹോദരനാണ്.