കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഫാ. ജോർജ് പാടശ്ശേരി (83) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തുരുത്തൂർ സെന്റ് തോമസ് ഇടവകയിലെ പാടശ്ശേരി വറീത്, കൊച്ചുമറിയം ദമ്പതികളുടെ മകനാണ്. 1968 ഡിസംബർ 19ന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് അട്ടിപ്പറ്റിയിൽനിന്ന് വൈദികപട്ടം സ്വീകരിച്ചു. അവിഭക്ത വരാപ്പുഴ അതിരൂപതയിലും കോട്ടപ്പുറം രൂപതയിലുമായി നിരവധി ഇടവകകളിലും സ്ഥാപനങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്. കർത്തേടം സെന്റ് ജോർജ്, എറണാകുളം, സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ എന്നിവിടങ്ങളിൽ സഹവികാരിയായും മുട്ടിനകം സെന്റ് മേരീസ്, സമ്പാളൂർ സെന്റ് ഫ്രാൻസിസ് സേവ്യർ, മരട് സെന്റ് മേരി മാഗ്ദലിൻ, പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ, പള്ളിപ്പുറം മഞ്ഞുമാതാ, മതിലകം സെന്റ് ജോസഫ്, മാള പള്ളിപ്പുറം സെന്റ് ആന്റണി, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ എന്നിവിടങ്ങളിൽ വികാരിയായും കൂടാതെ മരട് പി.എസ് മിഷൻ പറവൂർ ഡോൺബോസ്കോ എന്നീ ആശുപത്രികളുടെ ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
ഭൗതികശരീരം തിങ്കളാഴ്ച രാവിലെ ഏഴുമുതൽ മുതൽ എട്ടുവരെ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും തുടർന്ന് ഒമ്പതുവരെ പറവൂർ ജൂബിലി ഹോമിലും പൊതുദർശനത്തിന് വെക്കും. തുടർന്ന് 9.30 മുതൽ 12 മണി വരെ തുരുത്തൂരിലെ സ്വവസതിയിലും 12 മുതൽ മൂന്നു മണിവരെ തുരുത്തൂർ സെന്റ് തോമസ് തീർഥാടന ദൈവാലയത്തിലും പൊതുദർശനം ഉണ്ടായിരിക്കും. ശേഷം തുരുത്തൂർ സെന്റ് തോമസ് തീർഥാടന ദൈവാലയത്തിൽ വിശുദ്ധ കുർബാനയോടെ മൃതസംസ്കാര ശുശ്രൂഷകൾ നടത്തപ്പെടും.