തലശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്ന സി.പി.എം തലശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും തലശ്ശേരി മുൻ മുനിസിപ്പൽ കൗൺസിലറുമായിരുന്ന കൊളശ്ശേരിയിലെ ടി.കെ. പ്രേമൻ (67) നിര്യാതനായി. തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് പ്രേമൻ മരണത്തിന് കീഴടങ്ങിയത്. മുൻ തലശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറിയും ലോക്കൽ വളന്റിയർ ക്യാപ്റ്റനുമാണ്.
നിലവിൽ കെ.എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി, തലശ്ശേരി ഏരിയ കമ്മിറ്റി അംഗം, ഐ.ആർ.പി.സി തലശ്ശേരി സോണൽ കമ്മിറ്റി അംഗം, കൊളശ്ശേരി കരയത്തിൽ നാരായണൻ മെമ്മോറിയൽ ലൈബ്രറി ജോയന്റ് സെക്രട്ടറി, സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, വടക്കുമ്പാട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കാവുംഭാഗം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ എന്നീ ചുമതലകൾ വഹിക്കുന്നു. ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പ്രദേശത്തെ സാമൂഹിക -രാഷ്ട്രീയ-സാംസ്കാരിക-വികസന മേഖലകളിൽ നിറ സാന്നിധ്യമായിരുന്നു. തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്കിൽ നൈറ്റ് വാച്ച് മാനാണ്. പരേതരായ അനന്തന്റെയും രാധയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: പ്രദീപ് കുമാർ, സുനിൽ കുമാർ (വയനാട്), അനിൽ കുമാർ, പ്രമോദ് കുമാർ, മനോജ് കുമാർ (മൈസൂരു), പ്രീത (കടമ്പൂർ), പ്രസാദ്, പ്രജീഷ്, പരേതനായ അജയകുമാർ (ബാബു).
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച ഉച്ചക്ക് ഒന്നരവരെ കൊളശ്ശേരി കരയത്തിൽ നാരായണൻ മെമ്മോറിയൽ ഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് രണ്ടിന് മഠത്തുംഭാഗത്തെ വീട്ടിൽ (പ്രീത നിവാസ്) സംസ്കാരം. രാവിലെ 11മുതൽ രണ്ടുവരെ കൊളശ്ശരി ടൗണിൽ ഹർത്താൽ ആചരിക്കും.