കയ്പമംഗലം: സമസ്ത കേരള സുന്നീ ജംഇയ്യതുൽ ഉലമ തൃശൂർ ജില്ല ഉപാധ്യക്ഷനും പെരിഞ്ഞനം ജാമിഅ മഹ്മൂദിയ സ്ഥാപകനുമായ കെ.ആർ. നസ്റുദ്ദീൻ ദാരിമി (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച പുലർച്ച 1.30ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉച്ചയോടെ ജാമിഅ മഹ്മൂദിയ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി. തൃശൂർ ജില്ലയിലെ സുന്നീ പ്രാസ്ഥാനിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. നിരവധി ശിഷ്യഗണങ്ങളുണ്ട്. സാമൂഹിക, ജീവ കാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. എസ്.എസ്.എഫിലൂടെ കടന്നുവന്ന് എസ്.വൈ.എസ്, കേരള മുസ്ലിം ജമാഅത്ത്, സുന്നി മാനേജ്മെൻറ് അസോസിയേഷൻ തുടങ്ങിയ പോഷക സംഘടനകളിൽ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കൗൺസിൽ അംഗം കൂടിയാണ്. പള്ളി ദർസ് സ്ഥാപിച്ച് മത അധ്യാപന രംഗത്തേക്ക് വന്ന നസ്റുദ്ദീൻ ദാരിമി 1987ലാണ് പെരിഞ്ഞനത്ത് ജാമിഅ മഹ്മൂദിയ എന്ന സ്ഥാപനത്തിന് തുടക്കമിട്ടത്. ദഅ്വ കോളജ്, വനിത കോളജ്, അനാഥ അഗതി മന്ദിരം, ഹിഫ്ളുൽ ഖുർആൻ കോളജ്, പള്ളികൾ, മദ്റസകൾ, സ്കൂളുകൾ, ജീവകാരുണ്യ പദ്ധതികൾ തുടങ്ങി നിരവധി സംരംഭങ്ങൾ ജാമിഅ മഹ്മൂദിയക്ക് കീഴിൽ സ്ഥാപിച്ചു. മുദരിസായി കൂളിമുട്ടം നെടുമ്പറമ്പ്, എറണാകുളം സൗത്ത്, എറിയാട് കടപ്പൂര് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. നാട്ടിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം തിരൂർ എടക്കുളത്ത് സി.എച്ച്. ഹൈദ്രോസ് ഉസ്താദിെൻറ ദർസിൽ മതപഠനം ആരംഭിച്ചു. തുടർന്ന് പട്ടിക്കാട് ജാമിഅ നൂരിയ്യ, നന്തി ദാറുസ്സലാം എന്നിവിടങ്ങളിൽ ഉപരിപഠനം നടത്തി. ശംസുല് ഉലമ ഇ.കെ. അബൂബക്കർ മുസ്ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ എന്നിവരാണ് പ്രമുഖ ഗുരുനാഥന്മാർ.ഭാര്യ: സുലൈഖ. മക്കൾ: ഉനൈസ് മഹമൂദ്, മുഹമ്മദ് ഹസീൻ നൂറാനി, മുഹമ്മദ് അനസ്. മരുമക്കൾ: നഫീസത്തുൽ മിസ്രിയ, സൈന.