ചെറുതോണി: ബൈക്കിടിച്ച് വയോധിക മരിച്ചു. വാത്തിക്കുടി മങ്ങാട്ടുകുന്നേൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സുമതിയാണ് (66) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.35ന് തോപ്രാംകുടി-മുരിക്കാശ്ശേരി റൂട്ടിൽ വാത്തിക്കുടി വടക്കേൽപടി ഇറക്കത്തിലാണ് സംഭവം.
മുരിക്കാശ്ശേരിയിൽനിന്ന് തോപ്രാംകുടിയിലേക്ക് വരുകയായിരുന്ന ആര്യമണ്ണിൽ അലക്സ് (24) ഓടിച്ച ബൈക്ക് വഴിയരികിൽ പുല്ല് വെട്ടിയശേഷം റോഡിന് മറുവശത്തേക്ക് നടന്ന സുമതിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു. ഉടൻ സുമതിയെ മുരിക്കാശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. കൈക്കും കാലിനും പരിക്കേറ്റ അലക്സിനെ കട്ടപ്പന സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുമതിയുടെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിൽ കോവിഡ് പരിശോധനക്കുശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിന് മാറ്റി. മുരിക്കാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു. സുമതിയുടെ മക്കൾ: ലേഖ, അനിൽകുമാർ.