തിരുവനന്തപുരം: ഗാനരചയിതാവും കവിയുമായ ചുനക്കര രാമൻകുട്ടിക്ക് (84) വിട. ബുധനാഴ്ച രാത്രി 11ന് സ്വകാര്യ ആശുപത്രിയിൽ അന്തരിച്ച അദ്ദേഹത്തിെൻറ മൃതദേഹം വ്യാഴാഴ്ച രാവിലെ 10ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാവിലെ തിരുമലയിലെ വീട്ടിൽ ഒരു മണിക്കൂർ മാത്രമായിരുന്നു പൊതുദർശനം.
1936 ജനുവരി 19ന് മാവേലിക്കര ചുനക്കര കാര്യാട്ടിൽ വീട്ടിൽ കൃഷ്ണെൻറയും നാരായണിയുടെയും മകനായാണ് ജനനം. 75 ഓളം സിനിമകളിലായി ഇരുനൂറിലധികം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ‘ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ’ എന്ന ഗാനം പ്രസിദ്ധമാണ്.
അഗ്നിസന്ധ്യ, യുഗരശ്മികൾ, ബാപ്പുജി കരയുന്നു, എെൻറ ഭാരതം, സ്നേഹാടനക്കിളികൾ, ഇത് ഭാരതം, മഹാഗണി, സഞ്ചാരി തുടങ്ങിയ കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി ലളിതഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.
ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രേണുക, രാധിക, രാഗിണി. മരുമക്കൾ: സി. അശോക് കുമാർ (റിട്ട.ഹെൽത്ത് ഡിപ്പാർട്മെൻറ്)പി.ടി. സജി (മുംബൈ റെയിൽവേ), കെ.എസ്. ശ്രീകുമാർ (സി.ഐ.എഫ്.ടി). 2015ൽ സംഗീതനാടക അക്കാദമി പുരസ്കാരം ലഭിച്ചു.