ചിറ്റൂർ: തത്തമംഗലം പള്ളത്താംപുള്ളിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രികനായ സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു.
മേട്ടുപ്പാളയം അത്തിമണിയിൽ പരേതനായ മൗലാനാ സേട്ടിന്റെ മകൻ മുഹമ്മദ് ഷിയാദ് (22) ആണ് മരിച്ചത്.
സുഹൃത്ത് അത്തിമണി അബ്ദുൽ റഹ്മാന്റെ മകൻ അനസിനാണ് ഗുരുതരമായി പരിക്കേറ്റത്.
തത്തമംഗലം മേട്ടുപ്പാളയം പള്ളത്താംപുള്ളിയിൽ ശനിയാഴ്ച രാത്രിയാണ് അപകടം.
അത്തിമണിയിൽനിന്ന് മേട്ടുപ്പാളയം ഭാഗത്തേക്ക് പോവുകയായിരുന്ന ഷിയാദും അനസും സഞ്ചരിച്ച ബൈക്കും മേട്ടുപ്പാളയം ഭാഗത്തുനിന്ന് വണ്ടിത്താവളം ഭാഗത്തേക്ക് വന്ന ജീപ്പുമാണ് കൂട്ടിയിടിച്ചത്.
ജീപ്പ് തൊട്ടു മുന്നിലായി പോയ ട്രാക്ടറിനെ മറികടക്കുന്നതിനിടെയാണ് എതിർദിശയിൽ വന്ന ബൈക്കിനെ കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ മുഹമ്മദ് ഷിയാദ് റോഡിലേക്കും അനസ് ട്രാക്ടറിന്റെ പെട്ടിയുടെ മുകളിലേക്കും തെറിച്ചുവീണു. ഷിയാദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കാലിനും മറ്റും ഗുരുതര പരിക്കേറ്റ അനസിനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി ജില്ല ആശുപത്രിയിലേക്കും മാറ്റി. ഷിയാദും അനസും കാർ വർക്ക് ഷോപ്പിലെ ജീവനക്കാരാണ്.
മുഹമ്മദ് ഷിയാദിന്റെ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകി. മാതാവ്: മെഹബൂബ.