പൂക്കോട്ടുംപാടം: കാണാതായ വിദ്യാർഥിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. തോട്ടക്കര കാഞ്ഞിരംപാറ സഹീദിന്റെ മകൻ ഹാഷിമിന്റെ (16) മൃതദേഹമാണ് പൊട്ടിക്കല്ല് കമുകിൻതോട്ടത്തിലെ കിണറ്റിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചക്കുശേഷം മുടിവെട്ടാൻ വീട്ടിൽനിന്ന് ഇറങ്ങിയതാണ്.
തിരിച്ചുവരാത്തതിനെ തുടർന്ന് തിങ്കളാഴ്ച മുതൽ ആരംഭിച്ച തിരച്ചിൽ ചൊവ്വാഴ്ചയും തുടരുകയായിരുന്നു. രാവിലെ നടത്തിയ അന്വേഷണത്തിൽ പിതാവിന്റെ ഉടമസ്ഥതയിലുള്ള കമുകിൻതോട്ടത്തിലെ കിണറ്റിൽ പണം കാണപ്പെട്ടു.
കിണറ്റിലിറങ്ങി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പൂക്കോട്ടുംപാടം പൊലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കയച്ചു.
രാത്രി ഏഴോടെ പൂക്കോട്ടുംപാടം വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മൃതദേഹം ഖബറടക്കി. പൂക്കോട്ടുംപാടം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് വിഭാഗം വിദ്യാർഥിയാണ്. മാതാവ്: സജ്ന. സഹോദരങ്ങൾ: നിഷാം, ലെന.