കാസർകോട്: മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റും പൗരപ്രമുഖനുമായ ബന്ദിയോട് ഫസീദ മൻസിലിലെ എം.ബി. യൂസുഫ് (64) നിര്യാതനായി. ബന്ദിയോട്ടെ പരേതരായ ബഡുവൻ കുഞ്ഞി ഹാജിയുടെയും ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. അസുഖത്തെതുടർന്ന് ചികിത്സയിലിരിക്കെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്. മഞ്ചേശ്വരം മണ്ഡലത്തിൽ മുസ്ലിം ലീഗിന്റെ പ്രവർത്തനങ്ങൾക്ക് മുൻനിരയിൽനിന്ന് നേതൃത്വം നൽകിയ നേതാവായിരുന്നു.
ദീർഘകാലം മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റായും യു.ഡി.എഫ് പഞ്ചായത്ത് ലെയ്സൺ കമ്മിറ്റി ചെയർമാനായും യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. ബന്തിയോട് ബദ്രിയ ജുമാമസ്ജിദ് കമ്മിറ്റി മെംബറാണ്.
ഭാര്യ: ഖദീജ. മക്കൾ: എം.ബി. ഉമർ ഫാറൂഖ്, എം.ബി. ഫൈസൽ, എം.ബി. ഫർഹാൻ, ഫസീദ, ഫാരിസ.
മരുമക്കൾ: ഇസ്മയിൽ ചട്ടഞ്ചാൽ, അജ്മൽ തളങ്കര (യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ പ്രസിഡന്റ്), ആയിശ, ഷിബില. സഹോദരങ്ങൾ: സഫ മൂസഹാജി, ഫാത്തിമ, മറിയുമ്മ, പരേതരായ ആയിശാബി, എം.ബി. മുഹമ്മദ്, എം.ബി. ഷേക്കാലി, എം.ബി. അബ്ദുല്ല.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ അനുശോചനമറിയിച്ചു.