അടിമാലി: പൊന്മുടി അണക്കെട്ടിന്റെ ഭാഗമായ ജലാശയത്തില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാലാണ് (28) മരിച്ചത്. അടിമാലി അഗ്നിരക്ഷാസേന യൂനിറ്റിലെ സ്കൂബാ ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകീട്ട് നാലിനാണ് ശ്യാംലാല്‍ സുഹൃത്തുക്കളായ അമല്‍, അഭിജിത്ത് എന്നിവര്‍ക്കൊപ്പം പൊന്മുടി ജലാശയത്തില്‍ കള്ളിമാലി വാരിയാനിപ്പടിക്കുസമീപം കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ സമീപത്ത് കെട്ടിയിട്ട ഫൈബർ വള്ളത്തില്‍ കയറി മൂവരും ജലാശയത്തിന്റെ മറുഭാഗത്തേക്ക് പോയി. പകുതിയിലെത്തിയശേഷം തിരിച്ച് തുഴയുന്നതിനിടെ വള്ളം മറിഞ്ഞു.
അമലും അഭിജിത്തും നീന്തി രക്ഷപ്പെട്ടെങ്കിലും ശ്യാംലാലിനെ കാണാതായി. രാജാക്കാട് പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ഞായറാഴ്ച രാത്രി ഏഴുവരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. തിങ്കളാഴ്ച രാവിലെ സ്കൂബാ ടീം തിരച്ചില്‍ പുനരാരംഭിച്ചു. ഉച്ചയോടെ മൃതദേഹം കണ്ടെത്തി. രാജാക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ശ്യാംലാലിന്റെ പിതാവ്: ശശി. മാതാവ്: ശോഭന. സഹോദരി: ശാരി.