മല്ലപ്പള്ളി: തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗവും, സി.പി.ഐ പത്തനംതിട്ട ജില്ല കൗണ്‍സിൽ അംഗവുമായ അഡ്വ. മനോജ് ചരളേല്‍ (49) നിര്യാതനായി. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സി.പി.ഐ പത്തനംതിട്ട ജില്ല അസി. സെക്രട്ടറി, റാന്നി മണ്ഡലം സെക്രട്ടറി, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് ജില്ല വൈസ് പ്രസിഡന്റ്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, ദേശീയ കൗണ്‍സിൽഅംഗം, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജോയന്റ് സെക്രട്ടറി, ബി.കെ.എം.യു ജില്ല സെക്രട്ടറി, എന്‍.ആര്.ഇ.ജി.എസ് ജില്ല സെക്രട്ടറി, ഡി.ടി.പി.സി അംഗം, കൊറ്റനാട് സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വൃന്ദാവനം മുക്കുഴി എസ്.എന്‍.വി എച്ച്.എസ്.എസ് മാനേജറാണ്. റാന്നി സെന്റ് തോമസ് കോളജ് യൂനിറ്റ് ഭാരവാഹിയായാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്. കൊറ്റനാട് ദേവീവിലാസം വീട്ടില്‍ പരേതനായ കെ.ജി. കേശവന് നായരാണ് പിതാവ്. മാതാവ്: പി.ജി. പത്മിനിയമ്മ. ഭാര്യ: ശ്രീലത എസ്. നായര്‍. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. ആദരസൂചകമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.