കുട്ടനാട്: നെടുമുടി നർബോനാപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. നെടുമുടി പതിനഞ്ചാം വാർഡിൽ തുരുത്തിൽച്ചിറ ടി.ജെ. ജോസഫാണ് (70) മരിച്ചത്.
ഇന്നലെ പുലർച്ച വീടിന് മുന്നിലുള്ള റോഡിൽ നടക്കുമ്പോഴാണ് പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്നും ഷോക്കേറ്റത്. ഭാര്യ ബഹളം കൂട്ടിയതിനെ തുടർന്ന് മകൻ വന്ന് വള്ളത്തിന്റെ തുഴയുപയോഗിച്ച് ലൈൻ വേർപെടുത്തി. ഉടൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ മറ്റാർക്കും അപകടമുണ്ടായില്ല. മരക്കമ്പ് ഒടിഞ്ഞു വീണാണ് ലൈൻ പൊട്ടിയത്. ഭാര്യ: അന്നമ്മാ ജോസഫ്. മക്കൾ: ബിൻസി ജോസഫ്, ബിജുജോസഫ്, ബീനാ ജോസഫ്.
മരുമക്കൾ: ലിജു, അൽഫോൻസ ബിജു, വസന്ത്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നർബോനപുരം സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ നടക്കും.