കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പരിപ്പ് കാര്യായിൽ (കണ്ണങ്കേരിത്തറ) ക്ലിന്റ് ജോൺസനാണ് (36) മരിച്ചത്. 29ന് ചിങ്ങവനം ഗോമതിക്കവലയിലുണ്ടായ വാഹനാപകടത്തെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.ഐ ജില്ല ഓഫിസ് സെക്രട്ടറി കെ. കുഞ്ഞുമോനാണ് (ജോൺ കാരിയായിൽ) പിതാവ്. മാതാവ്: മറിയാമ്മ ജോൺ. ഭാര്യ: നിഷ. മകൾ: ആരാധ്യ. സഹോദരങ്ങൾ: ഉല്ലാസ് ജോൺ (യു.കെ), നിഖിൽ ജോൺ (പേഴ്സണൽ സ്റ്റാഫ്, റവന്യൂമന്ത്രി).
ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
എരുമേലി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇടകടത്തി കിണറ്റുകരയിൽ കെ.ടി. ബിജുവിന്റെ മകൻ കെ.ബി. വിഷ്ണുവാണ് (22) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടോടെ മുക്കൂട്ടുതറ-ഇടകടത്തി റോഡിലെ അറുവച്ചാംകുഴി ജങ്ഷനിലാണ് അപകടം നടന്നത്. കാലിത്തീറ്റയുമായി പോയ ലോറി വിഷ്ണു സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. ലോറിയുടെ പിൻചക്രങ്ങളിൽ കുരുങ്ങിയ ബൈക്ക് അൽപദൂരം നിരങ്ങിനീങ്ങിയശേഷമാണ് നിന്നത്. മാതാവ്: മിനി. സഹോദരൻ: സൂരജ്. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.
സ്കൂട്ടർ മറിഞ്ഞ് യുവാവ് മരിച്ചു
മുണ്ടക്കയം: സ്കൂട്ടർ മറിഞ്ഞ് പരിക്കേറ്റ് റോഡിൽ കിടന്ന യുവാവ് മരിച്ചു. കോരുത്തോട് മൂഴിക്കൽ മൂത്തശേരിയിൽ രാജേഷാണ് (വിശ്വൻ -38) മരിച്ചത്. തിങ്കളാഴ്ച രാത്രി വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനു സമീപമാണ് അപകടം. തകർന്ന ബൈക്കിനു സമീപം പരിക്കേറ്റ് കിടന്ന ഇയാളെ ഇതുവഴി എത്തിയ യാത്രക്കാരാണ് ആശുപത്രിയിൽ എത്തിച്ചത്. മറ്റേതോ വാഹനം ഇടിച്ച് സ്കൂട്ടർ മറിഞ്ഞതാകാമെന്നാണ് സംശയം.
രാത്രി ഇതുവഴി എത്തിയ വാഹനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വാനിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
പന്തളം: പിക് അപ് വാനിടിച്ച് ബൈക്ക് യാത്രികനായ മെഡിക്കൽ സ്റ്റോർ ഉടമ മരിച്ചു. മെഡിക്കൽ മിഷൻ ജങ്ഷനിലെ ശ്രീദുർഗ മെഡിക്കൽ സ്റ്റോർ ഉടമയും പന്തളം പൂഴിക്കാട് ഇന്ദീവരത്തിൽ തുളസി ദാസിന്റെ മകനുമായ ഉണ്ണികൃഷ്ണനാണ് (32) മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തോടെ എം.സി റോഡിൽ ചിത്ര ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
പന്തളം മെഡക്കൽ മിഷൻ ജങ്ഷനിൽനിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്ന ഉണ്ണികൃഷ്ണനെ അടൂരിൽനിന്ന് പന്തളം ഭാഗത്തേക്ക് വരുകയായിരുന്ന പിക് അപ് വാൻ ഇടിക്കുകയായിരുന്നു.
മാതാവ്: ശോഭ. ഭാര്യ: നന്ദന (അധ്യാപിക, പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മകൻ: താരുഷ്. സഹോദരൻ: ഹരികൃഷ്ണൻ.
ഭാര്യയെ വിഡിയോ കാളില് വിളിച്ച് യുവാവ് ജീവനൊടുക്കി
തൊടുപുഴ: കഴുത്തിൽ കുരുക്കിട്ട് മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വിഡിയോ കാളിൽ വിളിച്ചറിയിച്ച് യുവാവ് ജീവനൊടുക്കി. കട്ടപ്പന സ്വദേശി കുന്നേൽ ജയ്സണാണ് (25) മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാലോടെ തൊടുപുഴ ജില്ല വിദ്യാഭ്യാസ ഓഫിസിന് സമീപം ഡയറ്റ് ക്വാർട്ടേഴ്സിലായിരുന്നു സംഭവം. ജയ്സന്റെ മാതാവ് ഡയറ്റിൽ ജീവനക്കാരിയാണ്. ഭാര്യ തിരുവനന്തപുരത്തെ വീട്ടിലായിരുന്നതിനാൽ ക്വാർട്ടേഴ്സിൽ ഇയാൾ തനിച്ചായിരുന്നു. ജീവനൊടുക്കാൻ പോകുകയാണെന്ന് ഇയാൾ വിളിച്ചുപറഞ്ഞ വിവരം ഭാര്യ ഉടൻ ഏറ്റുമാനൂരിലുള്ള സുഹൃത്തിനെ അറിയിച്ചു. ഇദ്ദേഹം ജയ്സണെ പലതവണ വിളിച്ചെങ്കിലും ഫോണടുത്തില്ല. തുടർന്ന് ഇദ്ദേഹം മറ്റൊരു സുഹൃത്തിനെ വിളിച്ചു വിവരം പറഞ്ഞു. ഇയാൾ തൊടുപുഴ എസ്.ഐയെ വിളിച്ച് സഹായം അഭ്യർഥിക്കുകയായിരുന്നു. പൊലീസ് സംഘവും ഫയർഫോഴ്സും ഉടൻ ക്വാർട്ടേഴ്സിൽ എത്തിയെങ്കിലും ജയ്സൺ തൂങ്ങിയ നിലയിലായിരുന്നു. കെട്ടഴിച്ച് ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.