പത്തിരിപ്പാല: മണ്ണൂരിലെ സി.പി.എമ്മിെൻറ മുതിർന്ന നേതാവും പാർട്ടി സ്ഥാപകരിലൊരാളുമായ മണ്ണൂർ കളരിക്കൽ ഭാസ്കരപണിക്കർ (78) നിര്യാതനായി.
മണ്ണൂർ ഗ്രാമപഞ്ചായത്തംഗം, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മണ്ണൂർ സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ്, ദീർഘകാലം സി.പി.എം ലോക്കൽ സെക്രട്ടറി, പറളി ഏരിയാകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലത്ത് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ ഭാസ്കര പണിക്കരുടെ വീട്ടിലായിരുന്നു ഒളിവിൽ താമസിച്ചത്. അതിനാൽ ഇ.കെ. നായനാരുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. നിരവധി കർഷക, കർഷക തൊഴിലാളി സമരങ്ങൾക്ക് നേതൃത്വം നൽകി. മിച്ചഭൂമി സമരത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനത്തിന് ഇരയാകുകയും ഒളിവിൽ പോവുകയും ചെയ്തിട്ടുണ്ട്. 1988-95 ൽ ഗ്രാമപഞ്ചായത്തംഗവും 95-2000 കാലഘട്ടത്തിൽ മണ്ണൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ആയിരുന്നു.
ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: ശശിജ, ശശിധരൻ, ഉണ്ണികൃഷ്ണൻ, ശൈലജ, മനോജ്. മരുമക്കൾ: ശങ്കരനാരായണൻ, ദിനേശൻ, വത്സല, അനുപമ, ഹൃദ്യ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് പാമ്പാടി ഐവർമഠത്തിൽ.