തൃത്താല: പ്രമുഖ മത പണ്ഡിതനും വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തകനുമായ പടിഞ്ഞാറങ്ങാടി ഒതളൂര്‍ തെക്കേക്കര അബ്ദുല്‍ ജബ്ബാര്‍ ബാഖവി (54) ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബൈയിൽ നിര്യാതനായി. രണ്ടാഴ്ച മുമ്പ് സന്ദർശന വിസയിൽ യു.എ.ഇയിലെത്തിയ ഇദ്ദേഹം സത്വയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചിനാണ് മരണപ്പെട്ടത്. പറക്കുളം സ്വലാഹുദ്ദീന്‍ അയ്യൂബി എജുസിറ്റിയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം പ്രസിഡന്റുമായിരുന്ന അദ്ദേഹം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ മത, സാമൂഹിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവമായിരുന്നു. സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തൃശൂര്‍ ജില്ല ട്രഷറര്‍, സമസ്ത പട്ടാമ്പി മേഖല മുശാവറ അംഗം തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കൊളമംഗലം ജുമാ മസ്ജിദ്, അയിരൂർ ജുമാ മസ്ജിദ്, കോതോട് ജുമാ മസ്ജിദ്, ചൊക്കന ജുമാ മസ്ജിദ്, മാറഞ്ചേരി മുക്കാല ജുമാ മസ്ജിദ് എന്നിവിടങ്ങളിൽ ഖത്തീബ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.നിലവിൽ പടിഞ്ഞാറങ്ങാടി സ്വലാഹുദ്ദീൻ അയ്യൂബി മസ്ജിദിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു. പ്രമുഖ സൂഫീവര്യന്‍ ഒതളൂര്‍ മൂസ ഹാജി - ഫാത്തിമ ദമ്പതികളുടെ ഏഴു മക്കളിൽ മൂത്ത മകനാണ്. ഭാര്യ: റൈഹാനത്ത്. മക്കള്‍: അബ്ദുല്ല അഹ്സനി അല്‍ ഹികമി (അധ്യാപകന്, നെല്ലിശ്ശേരി ദര്‍സ്), ജുനൈദ് അല്‍ ഹികമി (വിദ്യാർഥി, കാരന്തൂര്‍ മര്‍കസ് ശരീഅത്ത് കോളജ്), ഹാഫിള് അഹ്മദ് മിദ്ലാജ് (മലപ്പുറം മഅ്ദിന്‍ ഹിഫ്ള് കോളജ്), റസാനതുത്വയ്യിബ, ഹുസൈബ ഹാദിയ. മരുമകന്: റാഫി അഹ്സനി കുമരനല്ലൂര്‍ (മുദരിസ്, എറണാകുളം).സഹോദരങ്ങള്‍: ഹാഫിള് സുബൈര്‍ മിസ്ബാഹി (ഖത്തീബ്, നെല്ലിശ്ശേരി ജുമാ മസ്ജിദ്), ഇസ്മാഈല്‍ ബാഖവി (ഖത്തീബ്, ചേലക്കടവ് ജുമാ മസ്ജിദ്), സുഹൈല്‍ അല്‍ ഹസനി (ഒമാന്‍), ജുബൈര്‍ സഅദി (ഖത്തീബ് കാണിപ്പയ്യൂർ ജുമാ മസ്ജിദ്). വ്യാഴാഴ്ച രാവിലെ ഒമ്പതിന് യു.എ.ഇയിൽ നിന്നെത്തുന്ന മൃതദേഹം വസതിയിലെ പൊതുദർശന ശേഷം ഒതളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.